രോഹ്തക്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഹരിയാനയിലെ ജയിലില്‍ കഴിയുന്ന ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ആരോഗ്യ നില മോശമെന്ന് റിപ്പോര്‍ട്ട്.
ഡോക്ടര്‍മാരുടെ സംഘം രോഹ്തകിനടുത്തുള്ള സുനാരിയ ജയിലില്‍ എത്തി ഗുര്‍മീതിനെ പരിശോധിച്ചു. എന്നാല്‍ ആരോഗ്യപ്രശ്‌നം എന്താണെന്നതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
രോഹ്തകിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് ജയിലിലെത്തി ഗുര്‍മീതിനെ പരിശോധിച്ചത്. ഈ സ്ഥാപനത്തിനും പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഗുര്‍മീതിന്റെ അനാരോഗ്യ വിവരം പുറത്തു വന്നതിനേത്തുടര്‍ന്ന് രോഹ്തകിലെ സുരക്ഷ കര്‍ശനമാക്കി. രോഹ്തകിന് പത്തുകിലോമീറ്റര്‍ മാത്രം അകലെയാണ് ഹുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയ ജില്ലാ ജയില്‍.
അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവാണ് ശിക്ഷ. ശിക്ഷ വിധിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഗുര്‍മീത് പറഞ്ഞിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.
ജയിലിലെ സെല്ലില്‍ തനിയെ സംസാരിക്കുന്നതായും അവിടത്തെ ചിട്ടകളോട് സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാള്‍ക്ക് ശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ 38 പേരാണ് മരിച്ചത്.