ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ത്തത് അധിര്‍ രഞ്ജന്‍ ചൗധരി; ഡെറിക് ഒബ്രിയാന്‍

ഡല്‍ഹി: പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ക്കുന്നത് അധിര്‍ രഞ്ജന്‍ ചൗധരിയാണെന്ന് ഡെറിക് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം.

‘പശ്ചിമ ബംഗാളില്‍ സഖ്യം പ്രാവര്‍ത്തികമാവാത്തതിന്റെ മൂന്ന് കാരണം അധിര്‍ രഞ്ജന്‍ ചൗധരി, അധിര്‍ രഞ്ജന്‍ ചൗധരി, അധിര്‍ രഞ്ജന്‍ ചൗധരി’ എന്നായിരുന്നു ഡെറിക് ഒബ്രിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍ഡ്യാ മുന്നണിക്ക് നിരവധി എതിരാളികള്‍ ഉണ്ട്. അതില്‍ രണ്ട് പ്രധാനപ്പെട്ട രണ്ട് പേരാണ് ബിജെപിയും അധിര്‍രഞ്ജന്‍ ചൗധരിയും എന്നും ഒബ്രിയാന്‍ പറഞ്ഞു. ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് ചൗധരി പ്രവര്‍ത്തിക്കുന്നതെന്നും ടിഎംസി ആരോപിച്ചു.’ശബ്ദം അദ്ദേഹത്തിന്റേതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അധിര്‍ രഞ്ജന്‍ ചൗധരി ബിജെപിയുടെ ശബ്ദമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരിക്കല്‍ പോലും ബംഗാളിന് കേന്ദ്ര ഫണ്ട് നിഷേധിച്ച കാര്യം ചൗധരി ഉന്നയിച്ചിട്ടില്ല.’ ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി തുടരുമോയെന്ന ചോദ്യത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കുകയും ബിജെപി പരാജയപ്പെടുകയും ചെയ്താല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി തുടരുമെന്നായിരുന്നു മറുപടി.

Top