‘എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തി; ഹവാലക്കേസിലെ മുഖ്യപ്രതി;രൂക്ഷവിമർശനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. രണ്ടു ലേഖനങ്ങളിലായാണ് ഗവർണർക്കെതിരെ ദേശാഭിമാനി ആഞ്ഞടിച്ചത്. വിലപേശിക്കിട്ടിയ പദവിയിൽ മതിമറന്ന് ആടുകയാണ് ഗവർണറെന്ന് ദേശാഭിമാനി ആരോപിച്ചു.

എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും, നിലപാട് വിറ്റാണ് ബിജെപിയിലെത്തിയതെന്നും ലേഖനത്തിൽ പറയുന്നു. ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ തുടക്കം. 1977ൽ ആ പാർടി ജനതാ പാർടി ആയപ്പോൾ അവരുടെ സ്ഥാനാർത്ഥിയായി 26-ാം വയസ്സിൽ എംഎൽഎ ആയി.

മൂന്നുവർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിനാണ്‌ സാധ്യതയെന്ന്‌ വന്നതോടെ അങ്ങോട്ടുമാറി.1980ലും 1984ലും കോൺഗ്രസിന്റെ എംപിയായി. വിവാഹമോചിതരാകുന്ന മുസ്ലിം യുവതികൾക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ൽ രാജീവ്‌ ഗാന്ധി നിയമം കൊണ്ടുവന്നപ്പോൾ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ വിട്ടു.

തുടർന്ന് വിപി സിങ്ങിന്റെ ജനതാദളിൽ എത്തി. 1989-ൽ ദളിന്റെ എംപിയായി. ജനതാദൾ സർക്കാരിൽ വ്യോമയാനമന്ത്രിയായി. ഇതിനിടെ, ജയിൻ ഡയറി കേസിൽ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ പേരുവന്നു. 1988 മെയ്‌ മുതൽ 1991 ഏപ്രിൽവരെ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ 7.63 കോടി രൂപ ഹവാല ഇടപാടിലൂടെ ലഭിച്ചെന്നായിരുന്നു സിബിഐ കുറ്റപത്രം. 1998-ൽ ബഹുജൻ സമാജ് വാദി പാർടിയിൽ ചേർന്നു. പിന്നീട്‌ ബിഎസ്‌പി വിട്ട്‌ രാംവിലാസ്‌ പസ്വാന്റെ ലോക്‌ ജനശക്തി പാർട്ടിയിൽ ചേർന്നു. വീണ്ടും മലക്കംമറിഞ്ഞാണ്‌ 2004ൽ ബിജെപിയിൽ എത്തിയത്‌.

പദവികൾ ഇല്ലാതായതോടെ ആരിഫ് മുഹമ്മദ് ഖാൻ 2007ൽ ബിജെപി വിട്ടു. പിന്നീട് യുപി നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപിയിലെത്തി. എൺപതുകളുടെ അവസാനം തത്വാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി വാഴ്‌ത്തപ്പെട്ട ഒരു രാഷ്‌ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ്‌ അദ്ദേഹം ആടിത്തീർക്കുന്നതെന്നും ലേഖനം പറയുന്നു.

ജയിൻ ഹവാല കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മറ്റൊരു ലേഖനത്തിൽ ദേശാഭിമാനി വ്യക്തമാക്കുന്നു. ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്‌ട്രീയ നേതാവ് ആരിഫ്‌ മുഹമ്മദ്‌ ഖാനാണ്‌. 7.63 കോടി രൂപയാണ്‌ പല തവണകളിലായി വാങ്ങിയത്‌. ഉന്നത ഇടപെടലുകളെത്തുടർന്ന്‌ കേസ്‌ അട്ടിമറിക്കപ്പെട്ടു. ഇത്തരത്തിൽ ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉൾപ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

Top