കള്ള വാര്‍ത്ത പടച്ച് വിടുന്ന എല്ലാ മാധ്യമങ്ങളും മനോരമയുടെ മാപ്പു പറച്ചിലിന്റെ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും പുനര്‍വിചിന്തനത്തിന് തയ്യാറാകണം. മാനേജ്‌മെന്റിന്റെ താല്‍പ്പര്യം നടപ്പാക്കാന്‍ ഇറങ്ങും മുന്‍പ് മാധ്യമപ്രവര്‍ത്തകരും രണ്ടു തവണ ആലോചിക്കുന്നത് നല്ലതാണ്. പെട്ടു പോയാല്‍ പിന്നെ രക്ഷപ്പെടുത്താന്‍ ഒരു കുത്തക മാധ്യമത്തിനും കഴിഞ്ഞെന്ന് വരില്ല.
കമ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയാക്കിയ മാധ്യമമായാണ് തുടക്കം മുതല്‍ മലയാള മനോരമ അറിയപ്പെടുന്നത്. അതിന്റെ പത്രാധിപരായിരുന്നവരുടെ ചില പ്രതികരണങ്ങളില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തവുമാണ്.
മലയാളിയുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്നതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ അവകാശപ്പെടുന്ന ദൃശ്യ മാധ്യമങ്ങളുടെ അജണ്ടയും ചുവപ്പ് പ്രത്യശാസ്ത്രത്തിന് എതിരാണ്.
അവസരം ലഭിച്ചാല്‍ എന്നല്ല, അവസരം ഉണ്ടാക്കി തന്നെ ഈ കുത്തക മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ആക്രമിക്കും. ഇവരുടെ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമായത് സി.പി.എമ്മും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളുമാണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കെതിരെയും വ്യാജ വാര്‍ത്തകള്‍ ചമക്കപ്പെട്ടു.
അത്തരത്തില്‍ പുറത്ത് വിട്ട ഒരു വാര്‍ത്തയില്‍ കുരുങ്ങി ഇപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞിരിക്കുകയാണ് മനോരമ പത്രം. ദേശാഭിമാനിയെയും സി.പി.എമ്മിനെയും ആക്രമിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിനെ മറയാക്കി നല്‍കിയ വാര്‍ത്തകളിലാണ് ഖേദ പ്രകടനം.
സിക്കിം ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് മാപ്പു പറഞ്ഞതെന്ന് മനോരമ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാന്റിയാഗോ മാര്‍ട്ടിനെതിരെ വാര്‍ത്ത നല്‍കിയതിലും ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊള്ളക്കാരന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതിലുമാണ് മാപ്പ്.ഭാവിയില്‍ മാര്‍ട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നാല്‍ അവ പത്രധര്‍മ്മത്തോടും ധാര്‍മ്മിക മൂല്യങ്ങളോടും നീതി പുലര്‍ത്തിയാവുമെന്ന് ഉറപ്പ് നല്‍കിയതായും മനോരമ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫിന്റെ മധ്യസ്ഥയിലായിരുന്നു ചര്‍ച്ച.
ഇതു പ്രകാരം മാര്‍ട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മനോരമയും തമ്മില്‍ നിലവിലുള്ള എല്ലാ കേസുകളും രമ്യമായി പരിഹരിക്കപ്പെടും. 2007 മുതല്‍ വര്‍ഷങ്ങളോളം മാര്‍ട്ടിനെ മുന്‍നിര്‍ത്തി ഇടതു പക്ഷ സര്‍ക്കാറിനും സി.പി.എമ്മിനും എതിരെ നല്‍കിയ വാര്‍ത്തകളില്‍ കൊള്ളക്കാരനായും ലോട്ടറി രാജാവായുമാണ് മാര്‍ട്ടിനെ വിശേഷിപ്പിച്ചിരുന്നത്.
ദേശാഭിമാനി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും രണ്ട് കോടി സ്വീകരിച്ചത് അനധികൃതമായാണെന്നും പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതരാണെന്നുമായിരുന്നു അക്കാലത്തെ വാര്‍ത്ത.
രണ്ട് മാസത്തോളം നീണ്ടുനിന്ന ഈ വാര്‍ത്തകളെല്ലാം സിപിഎമ്മിനേയും ദേശാഭിമാനിയേയും ഏറെ പ്രതിരേധത്തിലാക്കുന്നതായിരുന്നു. ദേശാഭിമാനി പണം സ്വീകരിച്ചത് അനധികൃതമായല്ല എന്ന് ഹൈക്കോടതി വിധിച്ചതോടെയാണ് നുണക്കഥകള്‍ക്ക് വിരാമമായത്.
ജസ്റ്റിസ് വികെ മോഹനന്‍ പുറപ്പെടുവിപ്പിച്ച വിധിയില്‍ ദേശാഭിമാനിയെയും ജനറല്‍ മാനേജര്‍ ഇ പി ജയരാജനെയും കുറ്റവിമുക്തമാക്കുകയായിരുന്നു .പരാതി രാഷ്ട്രീയപ്രേരിതമാണെന്നും നിക്ഷേപം സ്വീകരിച്ചതില്‍ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫണ്ട് സമാഹരണത്തിന്റെയും ബിസിനസ് വിപുലീകരണത്തിന്റെയും ഭാഗമായാണ് നിക്ഷേപമെന്നും ബാങ്ക് അക്കൗണ്ട് മുഖേനയാണ് സുതാര്യമായ പണമിടപാട് എന്നുമുള്ള വിജിലന്‍സിന്റെ കണ്ടെത്തലും കോടതി ശരിവച്ചു.
രേഖകള്‍ പരിശോധിച്ചും സാക്ഷികളെ ചോദ്യംചെയ്തതിനും ശേഷമാണ് പണമിടപാട് നിയമപരവും സുതാര്യവുമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നത്. മാര്‍ട്ടിനെ പോലെ മറ്റ് പലരും ദേശാഭിമാനിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍, ഇങ്ങനെയൊരു കോടതിവിധി വന്നതായി മനോരമ അറിഞ്ഞില്ലെന്നു നടിച്ചതായാണ് സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കാര്യമെന്തായാലും ചെയ്ത തെറ്റ് ബോധ്യപ്പെട്ട് തിരുത്താന്‍ വൈകിയെങ്കിലും മനോരമ തയ്യാറായത് എന്തായാലും സ്വാഗതാര്‍ഹമാണ്. കാള പെറ്റു എന്നറിഞ്ഞ ഉടനെ കയറെടുക്കാന്‍ ഓടുന്ന മാനസികാവസ്ഥയിലുള്ള മറ്റു മാധ്യമങ്ങളും ഇനി യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് വേണം വാര്‍ത്ത നല്‍കാന്‍
സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് വ്യാജവാര്‍ത്തകളുടെ വലിയ പ്രളയമാണ് നടക്കുന്നത്. ഇതിന് കടിഞ്ഞാണിടാന്‍ ശക്തമായ നിയമം അനിവാര്യമാണ്. വ്യക്തി സ്വാതന്ത്ര്യം ആര്‍ക്കും കള്ളം പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് ആകരുത് അത് നാടിന് ആപത്താണ്.
Express Kerala View