തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ തുടരും. സമൂഹവ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗം പടരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ തുടരുന്നത്. അതേസമയം, സംസ്ഥാനവ്യാപകലോക്ക്ഡൗണ്‍ വേണ്ടെന്നാണ് സര്‍വകക്ഷിയോഗത്തിലെ നിര്‍ദേശം. തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്നും സമ്പൂര്‍ണലോക്ക്ഡൗണ്‍ ഗുണകരമാകില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിലും അഭിപ്രായം ഉയര്‍ന്നു.
ട്രിപ്പിള്‍ ലോക്ക്ഡൗണായിട്ടും സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളില്‍ രോഗം കുറയുന്നേയില്ല. രോഗവ്യാപനം കണ്ടെത്തി 20 ദിവസം കഴിഞ്ഞിട്ടും ഇത് പിടിച്ചുനിര്‍ത്താനാവുന്നില്ല എന്നത് തന്നെയാണ് പ്രധാന ഭീഷണി.
രോഗവ്യാപനത്തോത് കുറഞ്ഞെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഭീഷണിയായി ട്രിപ്പിള്‍ ലോക്ക്ഡൗണിലും സമീപപ്രദേശങ്ങളില്‍ രോഗം പടരുകയാണ്. വ്യാപനം കൈവിട്ട് പോകുന്ന ഘട്ടത്തിലെത്തിയ പുല്ലുവിള, പൂന്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ പരിശോധന പ്രായമായവരടക്കം ഗുരുതരമായി രോഗബാധയ്ക്ക് സാധ്യതയുള്ളവരിലേക്ക് കേന്ദ്രീകരിച്ചിരുന്നു.
പല പഞ്ചായത്തുകളിലും നടത്തുന്നത് 50 വരെ ടെസ്റ്റുകള്‍ മാത്രമായി കുറയുകയും ചെയ്തു. ഇതോടെ സമൂഹവ്യാപനം സ്ഥീരീകരിച്ചിട്ടും മേഖലയില്‍ ടെസ്റ്റുകള്‍ കുറച്ചെന്ന പരാതി ഉയര്‍ന്നു. ഇതേക്കുറിച്ച് പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ചില ഇളവുകളുണ്ടായേക്കും എന്നാണ് വിവരം. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായാല്‍ മേഖല തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള വിദഗ്ധ നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.