പുതിയ റിലീസുകൾക്കിടയിലും മികച്ച പ്രതികരണവുമായി ‘റോഷാക്ക്’ നാലാം വാരത്തിൽ

നിസാം ബഷീറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത റോഷാക്ക് പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. പേരിലെ വ്യത്യസ്തത കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം മലയാള സിനിമ ഇതുവരെ കാണാത്ത കഥയും ആഖ്യാനവുമായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് മുന്നേറുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ചിത്രം നാലാം വാരത്തിലേക്ക് എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.

‘സിനിമാറ്റിക് മിത്തുകളെ പുനർനിർവചിക്കുന്നു’, എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററാണ് മമ്മൂട്ടി പങ്കുവച്ചത്. മോൺസ്റ്റർ, പടവെട്ട്, കുമാരി, ജയ ജയ ജയ ജയ ഹേ, കാന്താര തുടങ്ങിയ പുത്തൻ റിലീസുകൾക്കിടയിലും മികച്ച പ്രതികരണം നേടിയാണ് റോഷാക്ക് മുന്നേറി കൊണ്ടിരിക്കുന്നത്. നാലാം വാരത്തിൽ എത്തി നിൽക്കുന്ന ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

അതേസമയം, മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ഏജന്റ് എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ‌ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Top