വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയിട്ടും കേരളത്തിന് നേരിട്ട് ക്വാര്‍ട്ടര്‍ യോഗ്യതയില്ല

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയിട്ടും കേരളത്തിന് നേരിട്ട് ക്വാര്‍ട്ടര്‍ യോഗ്യതയില്ല. കഴിഞ്ഞ ദിവസം നായകന്‍ സഞ്ജു സാംസണ്‍ സെഞ്ചുറിയുമായി പൊരുതിയെങ്കിലും റെയില്‍വേസിനോട് തോറ്റതോടെയാണ് നേരിട്ട് ക്വാര്‍ട്ടര്‍ഫൈനല്‍ എന്ന കേരളത്തിന്റെ സ്വപ്നം പൊലിഞ്ഞത്. കേരളത്തിന് പകരം മുംബൈയാണ് നേരിട്ട് ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നാടകീയമായിരുന്നു. കേരളം റെയില്‍വേസിനോട് 18 റണ്‍സിനും മുംബൈ ഒഡിഷയോട് 86 റണ്‍സിനും തോറ്റു. ഇതോടെ ഇരുടീമുകള്‍ക്കും 20 പോയന്റ് വീതമായി. ഗ്രൂപ്പില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയവും 20 പോയന്റുമായി കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. മുംബൈക്കും ഏഴ് മത്സരങ്ങളില്‍ നിന്ന് 20 പോയന്റുണ്ട്.

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ റെയില്‍വേസിനോട് കേരളം പൊരുതിത്തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. 136 പന്തില്‍ നിന്ന് 121 റണ്‍സെടുത്ത സഹാബ് യുവ്രാജിന്റെ സെഞ്ചുറിയും പ്രഥാം സിങ്ങിന്റെ അര്‍ധ സെഞ്ചുറിയുമാണ് (61) അവരെ മികച്ച സ്‌കോറിലെത്തിച്ചത്.സഞ്ജു 139 പന്തില്‍ 128 റണ്‍സെടുത്തു. എട്ട് ഫോറും ആറ് സിക്സും അടങ്ങിയ ഇന്നിങ്‌സ്. കേരളം പതറുമ്പോള്‍ ക്രീസിലെത്തിയ സഞ്ജു അവസാന ഓവറിലാണ് പുറത്തായത്. 53 റണ്‍സെടുത്ത ശ്രേയസ് ഗോപാല്‍ മികച്ച പിന്തുണ നല്‍കി. എന്നാല്‍, മറ്റ് ബാറ്റര്‍മാര്‍ തിളങ്ങാതിരുന്നത് കേരളത്തിന് തിരിച്ചടിയായി.

ഗ്രൂപ്പില്‍ ഇരുവര്‍ക്കും തുല്യ പോയന്റായതോടെ പരസ്പരം മത്സരിച്ചപ്പോള്‍ ആരാണ് ജയിച്ചതെന്ന് നോക്കിയാണ് ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടുന്നവരെ തിരഞ്ഞെടുക്കുക. നെറ്റ് റണ്‍റേറ്റ് പരിഗണിക്കില്ല. നേരത്തേ ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ മഴനിയമപ്രകാരം (വിജെഡി) കേരളത്തെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഈ ജയം മുംബൈയെ തുണച്ചു. കേരളത്തെ മറികടന്ന് അവര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തി. എങ്കിലും നോക്കൗട്ട് റൗണ്ട് നേരത്തേ ഉറപ്പിച്ച കേരളം പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയുമായി കളിക്കും. ശനിയാഴ്ച രാജ്‌കോട്ടിലാണ് മത്സരം. അഞ്ച് ഗ്രൂപ്പുകളില്‍ മികച്ച രണ്ടാം സ്ഥാനക്കാരായി 24 പോയന്റുള്ള കര്‍ണാടകയും മുന്നേറി. റെയില്‍വേസിനെതിരേ ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു.

 

Top