തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടായതു സംസ്ഥാനത്തിന് ആകമാനം നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ് പാസില്ലാതെ തമിഴ്‌നാട്ടില്‍നിന്ന് ആളെകൊണ്ടുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാമചന്ദ്രനിലെ 78 ജീവനക്കാര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 1600 പേര്‍ ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയതായാണ് സര്‍ക്കാര്‍ കണക്ക്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇന്ന് നഗരസഭ റദ്ദാക്കി. ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥലത്ത് ഒരു നിയന്ത്രണവുമില്ലാതെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് പരിശോധിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര, തദ്ദേശ വകുപ്പുകള്‍ നടപടിയെടുക്കണം. ജൂണ്‍ മാസത്തില്‍ തന്നെ പാസ് ഇല്ലാതെ തമിഴ്‌നാട്ടില്‍നിന്നും ആളുകളെ ഈ സ്ഥാപനം ഇങ്ങോട്ടു കൊണ്ടുവന്നതായി ഇന്റലിജന്‍സ് വിഭാഗം ജില്ലാഭരണകൂടത്തെയും പൊലീസിനെയും അറിയിച്ചിരുന്നു.