വില്‍പ്പനയ്ക്ക് എത്തും മുമ്പേ ഡെസ്റ്റിനി 125 ഡീലര്‍മാര്‍ക്ക് മുന്നില്‍

ഡ്യുവറ്റ് 125 നെ ഡെസ്റ്റിനി 125 ആക്കി ഹീറോ. വില്‍പനയ്ക്ക് അവതരിപ്പിക്കുംമുമ്പെ ഡെസ്റ്റിനി 125 നെ ഡീലര്‍മാര്‍ക്ക് മുന്നില്‍ കമ്പനി കാഴ്ച്ചവെച്ചിരിക്കുകയാണ്. ഡെസ്റ്റിനിയെന്ന പുതിയ പേര് ഹീറോയുടെ 125 സിസി സ്‌കൂട്ടറിന് പുത്തനുണര്‍വേകുമെന്നാണ് വിലയിരുത്തല്‍.

വില്‍പനയ്ക്ക് അവതരിപ്പിക്കുംമുമ്പെ ഡെസ്റ്റിനി 125, മയെസ്‌ട്രൊ 125 മോഡലുകളെ ഡീലര്‍മാര്‍ക്ക് മുന്നില്‍ കമ്പനി കാഴ്ച്ചവെച്ചു. ഏകദേശം 62,000 രൂപയാണ് ഡെസ്റ്റിനി 125 ന് പ്രതീക്ഷിക്കുന്ന വില.

124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 ല്‍. എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്‌നോളജിയുടെ പിന്തുണ എഞ്ചിനുണ്ട്.

destiny-125

ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബോഡി നിറമുള്ള മിററുകള്‍, മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നിങ്ങനെ നീളും സ്‌കൂട്ടറിലെ മറ്റു വിശേഷങ്ങള്‍. ഡിസൈന്‍ മുഖത്ത് ലളിതമായ ശൈലിയാണ് ഡെസ്റ്റിനി പിന്തുടരുന്നത്. സില്‍വര്‍ അലങ്കാരമുള്ള മുന്‍ ഏപ്രണിലാണ് ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം. സീറ്റുകള്‍ക്ക് ഇരട്ടനിറമാണ്.

മൂര്‍ച്ചയേറിയ ശൈലി ഡെസ്റ്റിനിയുടെ പിന്നഴകിന് ഭംഗി കൂട്ടുന്നു. മുന്‍ ഭാഗത്തുള്ളതുപോലെ പിന്നില്‍ ഗ്രാബ് റെയിലുകള്‍ക്കും സില്‍വര്‍ നിറമാണ്.

ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 മത്സരിക്കുക.

Top