ബംഗ്ലാദേശ് : റോഹിങ്ക്യകളുടെ തിരിച്ചുപോക്കിന് യോജിച്ച സാഹചര്യമല്ല മ്യാന്‍മറിലേതെന്ന് യു.എന്‍. മ്യാന്‍മറിലെ യു.എന്‍ നിരീക്ഷക യാങീ ലീ ധാക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഹിങ്ക്യന്‍ ജനത നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വളരെ വലുതാണെന്നായിരുന്നു മ്യാന്‍മറിലെ യു.എന്‍ നിരീക്ഷക യാങീ ലീയുടെ വിലയിരുത്തല്‍.
റോഹിങ്ക്യകള്‍ അവരുടെ നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും, എന്നാല്‍ സ്ഥിതി വളരെ മോശമാണെന്നും അവര്‍ അറിയിച്ചു. അവരെ അഭയാര്‍ത്ഥികളായി അംഗീകരിച്ചാല്‍ പിന്നെയൊരു മടങ്ങിപ്പോക്ക് അസാധ്യമാകും. എല്ലാ വ്യക്തികള്‍ക്കും വ്യക്തിത്വമുണ്ട്. അവര്‍ റോഹിങ്ക്യകളായി അറിയാനാണ് ആഗ്രഹിക്കുന്നതെന്നും യു.എന്‍ പ്രതിനിധി പറഞ്ഞു.
സൈന്യത്തിന്റെ അതിക്രമങ്ങളില്‍ ഭയന്ന് രാഖൈനില്‍ നിന്നും ഇപ്പോഴും റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ 11, 432 പേരാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്. 2017 ആഗസറ്റ് മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഏഴ് ലക്ഷത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം, വീടുകള്‍ കത്തിക്കല്‍ തുടങ്ങിയ അക്രമങ്ങള്‍ക്ക് റഖൈന്‍ പ്രവിശ്യയില്‍ ഇപ്പോഴും ശമനമില്ലെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് അവശേഷിക്കുന്ന റോഹിങ്ക്യകളും നാടുവിടുന്നത്.
മ്യാന്‍മറില്‍ റോഹിങ്ക്യകളോട് സര്‍ക്കാരിന്റെ സമീപനത്തിലും യാതൊരു മാറ്റവും വന്നിട്ടില്ല. മണ്‍സൂണ്‍ കനത്തതോടെ ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി വളരെ ദയനീയമാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ മരിച്ചു. ഇതിനു പുറമെയാണ് പതിനായിരക്കണക്കിന് പുതിയ അഭയാര്‍ത്ഥികളെത്തുന്നത്.
ബംഗ്ലാദേശില്‍ തെക്കു കിഴക്കന്‍ മേഖലയില്‍ ഒരു ദശലക്ഷത്തിലധികം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. തിരികെ എത്തുന്ന റോഹിങ്ക്യ ജനതയ്ക്ക് മ്യാന്‍മാര്‍ സുരക്ഷിതവും , ഭയമില്ലാത്തതുമായ ജീവിത സാഹചര്യങ്ങള്‍ നല്‍കണമെന്നും, അവര്‍ക്ക് നേരെ ഇനി അക്രമണങ്ങള്‍ ഉണ്ടാകരുതെന്നും അതില്‍ മാറ്റമുണ്ടായാല്‍ ആഗോളതലത്തില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ശക്തമായിരിക്കുമെന്നും ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.