തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ദ്രുത പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊളിക്കേണ്ട കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളുടെ വിശദാംശങ്ങളും ഡിപിആറില്‍ പങ്കുവയ്ക്കുന്നു. ആറ് വാല്യങ്ങളായി 3776 പേജുകളിലായാണ് വിശദമായ ഡിപിആര്‍. സില്‍വര്‍ ലൈനിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്നും ഡിപിആര്‍ വ്യക്തമാക്കുന്നു.
പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍, പരിസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍, സ്‌റ്റേഷനുകള്‍ക്കിടയിലെ ദൂരം തുടങ്ങി വിശദമായ വിവരങ്ങള്‍ ഡിപിആറില്‍ പറയുന്നു. ഇന്ന് പരിസ്ഥിതി ആഘാത പഠനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇന്ന് ഡിപിആര്‍ പുറത്ത് വിടുന്നത്.
പുറത്ത് വിട്ട ഡിപിആര്‍ അനുസരിച്ച് പദ്ധതിയില്‍ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുക കൊല്ലം ജില്ലയില്‍. കെ റെയില്‍ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റര്‍ ആയിരിക്കും. 13 കിലോ മീറ്റര്‍ പാലങ്ങളും 11.5 കിലോമീറ്റര്‍ തുരങ്കവും നിര്‍മ്മിക്കണം. പാതയുടെ ഇരുവശത്തും അതിര്‍ത്തി വേലികള്‍ ഉണ്ടാകും. 20 മിനിറ്റ് ഇടവേളയില്‍ പ്രതിദിനം 37 സര്‍വീസ് ആണ് ലക്ഷ്യം. 27 വര്‍ഷം കൊണ്ട് ഇരട്ടി സര്‍വീസ് ലക്ഷ്യമിടുന്നു. 52.7% തുകയും വായ്പയെടുക്കും.
നേരത്തെ ഡിപിആര്‍ പുറത്ത് വിടുന്നതില്‍ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തില്‍ കൂടി എംഡി പറഞ്ഞത് ഡിപിആര്‍ രഹസ്യ രേഖയാണെന്നും കൊമേഴ്‌സ്യല്‍ ഡോക്യുമെന്റ് ആണ് എന്നും ആണ്. ടെന്‍ഡര്‍ ആകാതെ ഇത് പുറത്തു വിടാന്‍ ആകില്ല എന്നും കൊച്ചി മെട്രോയെ പോലും ഉദ്ധരിച്ച് എം ഡി ഇന്നലെയും പറഞ്ഞിരുന്നു.