സൗകര്യങ്ങളില്‍ അസംതൃപ്തരെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട് വരേണ്ടതില്ല; പ്രതികരണവുമായി ട്രംപ്

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ കഴിയുന്ന ഇടങ്ങളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ യുഎസിലേക്കു വരാതിരുന്നാല്‍ പ്രശ്‌നം തീര്‍ന്നെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

അടിയന്തരമായി നിര്‍മിച്ച ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ സൗകര്യങ്ങളില്‍ അസംതൃപ്തരാണെങ്കില്‍ ഇങ്ങോട്ടു വരേണ്ടെന്ന് അവരോടു പറയുക, പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കും എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ ജനബാഹുല്യം സംബന്ധിച്ച് ആഭ്യന്തരസുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ച ഡെമോക്രാറ്റിക് അംഗങ്ങള്‍ ഭരണകൂട നടപടികള്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തി. ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനും കുടിയേറ്റക്കാരെ വിട്ടയയ്ക്കാനും ട്രംപ് ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ശക്തമാണ്.

ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് ഇത്തരത്തില്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ശുദ്ധജലമോ മരുന്നോ ലഭിക്കുന്നില്ലെന്നും രണ്ടാഴ്ചയായി കുളിക്കാന്‍ പോലും കഴിയാത്തവര്‍ ഇവിടെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top