യു.പിയില്‍ നവജാത ശിശുവിന് ‘ലോക്ക്ഡൗണ്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

ദേവരിയ: കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മിക്കവര്‍ക്കും ഇതൊരു വേദന നിറഞ്ഞ കാലഘട്ടമാണ്. എന്നാല്‍ ഇപ്പോഴിതാ ഈ സമയത്ത് പിറന്ന കുട്ടിക്ക് ലോക്ക് ഡൗണ്‍ എന്ന് പേരിട്ട് ഒരു കുടുംബം. ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലെ ഖുഖുംദൂ എന്ന ഗ്രാമത്തില്‍ പിറന്ന ആണ്‍കുട്ടിക്കാണ് ലോക്ക് ഡൗണ്‍ എന്ന പേരിട്ടിരിക്കുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഇവന്‍ പിറന്നത്. കൊറോണയെന്ന മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലോക്ക്ഡൗണ്‍ ദേശതാത്പര്യത്തിന് വേണ്ടിയുള്ളതാണ്. അതിനാലാണ് ഞങ്ങള്‍ ഇവന് ആ പേര് നല്കിയിരിക്കുന്നത്- കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

കുടുംബത്തിനേക്കാള്‍ പ്രാധാന്യം ഞങ്ങള്‍ ഇപ്പോള്‍ രാജ്യത്തിനാണ് നല്‍കുന്നത്. അതിനാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകള്‍ നടത്തുകയുള്ളൂവെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, കൊറോണ വ്യാപനം തടയുന്നതിനുള്ള സ്വയം നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ജനതാ കര്ഫ്യുവിന് ഉത്തര്പ്രദേശിലെ ഗോരഖ്പുരില്‍ പിറന്ന പെണ്‍കുഞ്ഞിന് ബന്ധുക്കള്‍ കൊറോണയെന്ന് പേരിട്ടിരുന്നു. ലോകത്ത് നിരവധി ആളുകളുടെ മരണത്തിന് കാരണമായെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കാനും നല്ല ശീലങ്ങള് പരിശീലിക്കുന്നതുമുള്‍പ്പെടെ ഗുണപരമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവന്നുവെന്നതാണ് ഈ പേരിടാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Top