തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചു വിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയതായും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ദേവസ്വം നിയമന ബോര്‍ഡ് രൂപീകരിച്ചത്. മുന്‍ ഡി.ജി.പി ചന്ദ്രശേഖരനായിരുന്നു ബോര്‍ഡിന്റെ ചെയര്‍മാന്‍. സെക്രട്ടറി തല റാങ്കിലുള്ള ശമ്പളമാണ് അദ്ദേഹം വാങ്ങുന്നത്.
മാത്രമല്ല അദ്ദേഹത്തിന് കീഴില്‍ നാലു ഉദ്യോഗസ്ഥര്‍ വേറെയുമുണ്ടെന്നും കടകംപള്ളി പറഞ്ഞു. സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ദേവസ്വം നിയമന ബോര്‍ഡ് ഒരു വെള്ളാനയാണ്.
പി.എസ്.സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാനുള്ള വകുപ്പ് മാത്രമാണ് ദേവസ്വം നിയമനങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.