ശബരിമല വിഷയം; ശങ്കര്‍ദാസിന്റെ നിലപാടുകളില്‍ അടിപതറി സിപിഐ

ബരിമല വിവാദം കത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് മെമ്പറുടെ നീക്കങ്ങളില്‍ സിപിഐയിലും അങ്കലാപ്പ്. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ പി ശങ്കര്‍ദാസിന്റെ ആചാരലംഘനമുള്‍പ്പെടെയുള്ള നടപടികള്‍ സി പി ഐ യെ സംബന്ധിച്ച് ദോഷകരമായി ബാധിക്കും. തിരുവനന്തപുരത്തും തൃശ്ശൂരും ശബരിമല വിഷയം തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ചില മുതിര്‍ന്ന സി പി ഐ നേതാക്കള്‍ക്കുള്ളത്. ഇരു പാര്‍ലമെന്റ് സീറ്റുകളിലും ഇത്തവണ വിജയിക്കാമെന്ന കണക്ക് കൂട്ടലായിരുന്നു സിപിഐ നേതൃത്വത്തിനുണ്ടായിരുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സി പി ഐ നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. തിരുവനന്തപുരത്ത് എന്‍എസ്എസ് നേതൃത്വത്തിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശങ്കര്‍ദാസിന്റെ നടപടികള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇത് പാര്‍ട്ടിയിലും പല ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്.

ആര്‍ എസ് പി യില്‍ നിന്നാണ് ശങ്കര്‍ദാസ് സിപിഐയിലെത്തിയത്, സാമ്പത്തിക ക്രമക്കേട് അടക്കം പലവിധ ആരോപണങ്ങള്‍ ആര്‍എസ്പിയില്‍ ശങ്കര്‍ദാസിനെതിരെ ഉണ്ടായിരുന്നതായി ഇപ്പോള്‍ ചില സി പി ഐ നേതാക്കള്‍ അടക്കം പറയുന്നുണ്ട്. ആര്‍എസ്പിയിലായിരുന്നപ്പോള്‍ സ്വന്തം പേരില്‍ പാര്‍ട്ടി ഓഫീസ് വാങ്ങിയെന്ന ആരോപണവും ശങ്കര്‍ ദാസിനെതിരെയുണ്ട്. സിപിഐയിലെത്തിയപ്പോള്‍ ഒപ്പം ആരുമില്ലെങ്കിലും ഒരു പാര്‍ട്ടി ഓഫീസുമായാണ് വരവെന്ന് തിരുവനന്തപുരത്തെ ചില സിപിഐ നേതാക്കള്‍ പരിഹസിച്ചിരുന്നു.

kanam rajendran

സിപിഐയിലെത്തിയ ശങ്കര്‍ദാസ് ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാന സെക്രട്ടറി കാനത്തിന്റെ വിശ്വസ്തനായി മാറി. ഇസ്മയില്‍ പക്ഷത്തിന് മേല്‍കൈ ഉള്ള തിരുവനന്തപുരത്ത് കാനത്തിന്റെ കരുത്ത് ശങ്കര്‍ദാസ് ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ശങ്കര്‍ ദാസിന്റെ നടപടികള്‍ സിപിഐ യെ വെട്ടിലാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് വലിയ നേട്ടമുണ്ടാക്കാന്‍ തയ്യാറെടുത്ത സിപിഐ പുതിയ സംഭവ വികാസങ്ങളില്‍ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്.

കെ പി ശങ്കര്‍ദാസിനെതിരെ ആര്‍എസ്പി യില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യാ ണ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നത്. ശങ്കര്‍ദാസിന്റെ മകന്‍ കോട്ടയം എസ് പി ഹരിശങ്കര്‍ ശബരിമലയില്‍ ഭക്തര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന വിമര്‍ശനം ഇതിനോടകം ബി ജെ പി ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറുതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് സിപിഐ ക്ക് കഴിയുന്നുമില്ല .തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ ശങ്കരദാസിനെ അനുകൂലിക്കുന്നവര്‍ കുറവാണ്. ജില്ലാ കമ്മറ്റിയെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്നതിന് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാനവും തയ്യാറാകില്ല.

ke-ismail

പേമെന്റ് സീറ്റ് വിവാദമെന്ന പോലെ ശങ്കര്‍ദാസിന്റെ ദേവസ്വം ബോര്‍ഡ് അംഗത്വം പേയ്‌മെന്റ് പദവിയാണെന്നും ചില കാനം വിമര്‍ശകര്‍ പരിഹസിക്കുന്നു. എന്തായാലും ദേവസ്വം ബോര്‍ഡ് വലിയ തലവേദനയാണെന്ന് സിപിഐ തിരിച്ചറിയുന്നു. സംവരണ മണ്ഡലമായ മാവേലിക്കരയിലും എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമാകും .അതുകൊണ്ട് തന്നെ കാനം രാജേന്ദ്രനടക്കമുള്ള സിപിഐ നേതാക്കള്‍ നിലവിലെ സാഹചര്യത്തെ ഗൗരവമായാണ് കാണുന്നത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top