കോടതിയില്‍ സാവകാശ ഹര്‍ജിയെ കുറിച്ച് പരാമര്‍ശിച്ചില്ല; ബോർഡ് പ്രസിഡന്റിന് അതൃപ്തി

തിരുവനന്തപുരം: ഇന്നലെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ശബരിമല കേസിലെ സാവകാശ ഹര്‍ജിയെ കുറിച്ച് പറയാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം പ്രസിഡന്റ്. ഇതിന് പിന്നില്‍ ദേവസ്വം കമ്മീഷണറുടെ ഇടപെടലാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അല്‍പം വൈകിയാണെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശ ഹര്‍ജി നല്‍കിയത് വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ ദേവസ്വം പ്രസിഡന്റ് തന്നെ മുന്‍കൈയെടുത്തായിരുന്നു നീക്കം. പക്ഷെ കഴിഞ്ഞ ദിവസം ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ സാവകാശ ഹര്‍ജിയെ കുറിച്ച് മിണ്ടിയില്ലെന്ന് മാത്രമല്ല വിധിയില്‍ പുന:പ്പരിശോധന വെണ്ടെന്നും വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ വെച്ച് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുഅഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് കമ്മീഷണര്‍ക്കുമുള്ളത്. കമ്മീഷണര്‍ സാവകാശ ഹര്‍ജിയില്‍ ബോര്‍ഡ് എടുത്ത തീരുമാനം അറിയിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെടാതിരുന്നതില്‍ പ്രസിഡന്റ് പത്മകുമാറിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

പ്രസിഡന്റും കമ്മീഷണറും തമ്മില്‍ സാവകാശഹര്‍ജി നല്‍കുന്ന കാര്യത്തില്‍ നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നു. സീസണ്‍ കഴിഞ്ഞ് നട അടച്ച സാഹചര്യത്തില്‍ ഇനി സാവകാശത്തിന് പ്രസക്തിയില്ലെന്ന നിലപാടാണ് കമ്മീഷണര്‍ക്കുള്ളതെന്നാണ് സൂചന. അടുത്ത സീസണ്‍ തുടങ്ങും മുമ്പ് പമ്പയിലെ പ്രളയക്കെടുതി മറിടകടക്കാനാകുമെന്ന കണക്ക് കൂട്ടലും കമ്മീഷണര്‍ക്കുണ്ട്. എന്നാല്‍ നയപരമായി എടുത്ത തീരുമാനം കോടതിയെ അറിയിക്കാത്തത് വഴി ബോര്‍ഡ് ആകെ വെട്ടിലായെന്നാണ് പ്രസിഡണ്ട് കരുതുന്നത്.

എന്നാല്‍ സര്‍ക്കാര്‍ അറിയാതെ കമ്മീഷണര്‍ മാത്രം സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള സാധ്യതയുമില്ല. വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കാനുള്ള അവസരം ബോര്‍ഡിന് മുന്നിലുണ്ട്. പക്ഷെ കോടതിയില്‍ സ്ത്രീപ്രവേശനത്തിനായി വാദിച്ച ബോര്‍ഡ് ഇനി സാവകാശം തേടി എഴുതിയാല്‍ കോടതി വിമര്‍ശിക്കുമെന്നുറപ്പാണ്.

അതേസമയം ദേവസ്വം ബോര്‍ഡ് കോടതിയില്‍ മലക്കം മറിഞ്ഞതോടെ യു ഡി എഫും ബി ജെ പിയും പന്തളം കൊട്ടാരവും അടക്കം വിധിയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധം കടുപ്പിച്ചു. സര്‍ക്കാര്‍ മാത്രമല്ല ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചുവെന്നാണ്് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Top