ശബരിമലയിലെ സ്ത്രീപ്രവേശനം ;നിലപാട് മാറ്റാതെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ വീണ്ടും എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ചത്. കേസില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനിച്ച ദേവസ്വം ബോര്‍ഡ് കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.

കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചില്ല.

പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു മുന്‍പാകെയാണ് ഇന്നു വാദം നടന്നത്.

സ്ത്രീകള്‍ക്ക് നിലവിലുള്ള പ്രവേശന നിയന്ത്രണം തുടരണമെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള വാദം ആണെന്ന് ബോര്‍ഡ് അധ്യക്ഷന്‍ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ബോര്‍ഡ് അനുബന്ധ സത്യവാങ്മൂലം നല്‍കുന്നത്.

സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം ആചാരങ്ങളുടെ ഭാഗമാണെന്നും കോടതി ഇടപെടരുതെന്നുമാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്ങ്മൂലം. ഈ നിലപാട് മാറ്റുമോയെന്നു ഇതുവരെയും ബോര്‍ഡ് പരസ്യപ്പെടുത്തിയിട്ടില്ല.

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണം എന്ന സര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡ് പിന്തുണയ്ക്കണം എന്ന് ദേവസ്വം മന്ത്രി ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് ഒരു തരത്തിലുള്ള തൊട്ട് കൂടായ്മ അല്ലേ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജി പരിഗണക്കവെ കേസിലെ അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രനോട് ആരാഞ്ഞിരുന്നു.

Top