ശബരിമല: പമ്പയിലും നിലയ്ക്കലും സംഘപരിവാര്‍ അനുകൂല സംഘടനയ്ക്ക് അന്നദാനത്തിനുള്ള അനുമതി നല്‍കിയത് ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.
എന്നാല്‍ ആര്‍ക്കും അന്നദാനത്തിനായി ദേവസ്വം ബോര്‍ഡ് കരാര്‍ കൊടുത്തിട്ടില്ലെന്നും എല്ലാവരില്‍ നിന്നും ദേവസ്വം ബോര്‍ഡ് സംഭാവ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ അന്നദാനത്തിനായി അയ്യപ്പ സേവാ സമാജത്തിന് അനുമതി ലഭിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ചുണ്ടായ സമരത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
ശബരിമല സമരത്തിന് ആര്‍എസ്എസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബിജെപി നേതാക്കള്‍ അട്ടിമറിക്കുകയാണെന്നും ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമെന്നോണമാണെന്നും ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്‍എസ്എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആര്‍എസ്എസ് നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.