ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതിയുടെ വിധി എത്തി. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചു.
ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ലെന്നും വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ത്തവസമയത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.
യങ് ലോയേഴ്‌സ് അസോസ്സിയേഷനാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണോ എന്നാണ് സുപ്രീംകോടതി പരിശോധിച്ചത്.
സ്ത്രീപ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആചാരങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തു. ക്ഷേത്രം തന്ത്രിയും പ്രവേശനത്തെ എതിര്‍ത്തിരുന്നു. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ നിലവിലെ ആചാരം സ്ത്രീ വിരുദ്ധമല്ലെന്നുമായിരുന്നു എന്‍എസ്എസിന്റെ വാദം. പന്തളം രാജകുടുംബവും സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്നു.
സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. സുപ്രീംകോടതി ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്നും ഈ വിഷയത്തില്‍ ലിറ്റ്മസ് ടെസ്റ്റ് നടത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിവേചനത്തിനെതിരെയുള്ള ഭരണഘടന അവകാശം ഉയര്‍ത്തുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ ഭരണഘടന അവകാശവും സംരക്ഷിക്കണമെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. അയ്യപ്പ സേവാ സമിതി പോലെയുള്ള നിരവധി സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
സന്യാസി മഠങ്ങള്‍ പോലെ ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആരാധന കേന്ദ്രമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. ഹിന്ദുവിശ്വാസം തന്നെയാണ് ശബരിമലയില്‍ പിന്തുടരുന്നത്. അങ്ങനെയുള്ള ക്ഷേത്രത്തില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാനാകണം. ക്ഷേത്ര പ്രവേശനത്തില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളെ വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കുന്നതിന് പകരം സ്ത്രീകള്‍ക്കെതിരെയുള്ള ഭാഗം ഒഴിവാക്കി മാറ്റിവായിച്ചാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് പ്രായോഗികമല്ലെന്ന് ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് നരിമാന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.