ബംഗളൂരു: രാജ്യസഭ സീറ്റിലേക്ക് കര്‍ണാടകയില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ് കോണ്‍ഗ്രസ് പിന്തുണയോടെ ദേവഗൗഡ രാജ്യസഭാ സീറ്റില്‍ മത്സരിക്കാനൊരുങ്ങുന്നത്. സോണിയ ഗാന്ധിയുടെയും നിരവധി ദേശീയ നേതാക്കളുടെയും അപേക്ഷ പ്രകാരം മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ രാജ്യസഭയിലേക്ക് മത്സരിക്കുകയാണെന്നും ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക നല്‍കുമെന്നും മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ട്വിറ്ററിലൂടെ അറിയിച്ചു.
കോണ്‍ഗ്രസ് പിന്തുണയോടെ ദേവഗൗഡ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം സ്വന്തം തട്ടകമായ ഹാസന്‍ ലോക് സഭ മണ്ഡലം പേരകുട്ടി പ്രജ്വല്‍ രേവണ്ണക്ക് വിട്ടുനല്‍കി തുമകുരു ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ച ദേവഗൗഡ പരാജയപ്പെടുകയായിരുന്നു.
ബി.ജെ.പിയുടെ ജി.എസ് ബസവരാജിനോട് 13,000 വോട്ടുകള്‍ക്കാണ് ദേവഗൗഡ പരാജയപ്പെട്ടത്. 1996ല്‍ പ്രധാനമന്ത്രിയായശേഷം രാജ്യസഭയിലൂടെ ആദ്യമായി പാര്‍ലമെന്റിലെത്താന്‍ ഒരുങ്ങുകയാണ് ദേവഗൗഡ. 87കാരനായ പിതാവിനെ പറഞ്ഞ് സമ്മതിപ്പിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ ഒഴിവ് വരുന്ന നാലു രാജ്യസഭാ സീറ്റിലേക്ക് ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്. ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ നിയമസഭയില്‍ 44 എം.എല്‍.എമാരുടെ വോട്ടാണാവശ്യം.
അതേസമയം, 68 എം.എല്‍.എമാരുടെ പിന്തുണയുളള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിനുശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 34 സീറ്റുള്ള ജെ.ഡി.എസിന് അവശേഷിക്കുന്ന കോണ്‍ഗ്രസ് വോട്ടുകൂടി ലഭിക്കുന്നതോടെ ദേവഗൗഡക്കും രാജ്യസഭയിലെത്താം. 117 പേരുടെ പിന്തുണയുള്ള ബി.ജെ.പിക്ക് രണ്ടു സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാം.
സംസ്ഥാന ബി.ജെ.പി നേതൃത്വം നല്‍കിയ പ്രഭാകര്‍ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരെ തള്ളികൊണ്ട് ആര്‍.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ ബെളഗാവിയിലെ ഏറണ്ണ കഡാടി, റായ്ച്ചൂരില്‍നിന്നുള്ള അശോക് ഗാസ്തി എന്നിവരെയാണ് കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.