സാംസ്കാരിക കേരളത്തിന്റെ ഉത്സവാവേശം വാനോളമുയർത്തി രാജ്യത്തെ തന്നെ ഏറ്റവും വലിയ ജലോത്സവമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് ഡിസംബർ 27 ന് തുടക്കമായിരിക്കുകയാണ്. ബേപ്പൂർ മറൈന ബീച്ചിലും ചാലിയാർ പുഴയിലുമായി നടക്കുന്ന ആഘോഷപരിപാടികളിൽ ജലമത്സരങ്ങൾ, അന്താരാഷ്ട്ര പട്ടം പറത്തൽ, ഫുഡ് ഫെസ്റ്റിവൽ, ഫ്ളീമാർക്കറ്റ് തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.
സാഹസിക കായികവിനോദം, ജലവിനോദം എന്നീ മേഖലകളിൽ ടൂറിസം ഭൂപടത്തിൽ തനതായ സ്ഥാനം വാട്ടർ ഫെസ്റ്റിന്റെ ആദ്യ നടത്തിപ്പിലൂടെ തന്നെ ബേപ്പൂർ നേടിയിട്ടുണ്ട്. കേരള ടൂറിസവും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ് ബേപ്പൂർ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള പുരാതന തുറമുഖത്തിന്റെ ടൂറിസം സാധ്യത പൂർണമായി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലോകപ്രശസ്തമായ ഉരുനിർമ്മാണ കേന്ദ്രമെന്ന നിലയിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ചരിത്രപരമായ പ്രാധാന്യവും പ്രകൃതിദത്തമായ മനോഹാരിതയും കൂടിക്കലർന്ന ബേപ്പൂരിന്റെ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ ബേപ്പൂർ വാട്ടർ ഫെസ്റ്റ് സഹായിച്ചിട്ടുണ്ടന്നാണ് സ്ഥലം എം.എൽ.എ കൂടിയായ ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പറഞ്ഞിരിക്കുന്നത്. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള ചേരുവകളെല്ലാം ബേപ്പൂർ ഫെസ്റ്റിന്റെ രണ്ടാം ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
ടൂറിസം കാർണിവൽ, ജലവിനോദങ്ങൾ, ഐഎൻഎസ് കാൽപേനി നാവികകപ്പലിൽ സന്ദർശനം, സർഫിംഗ്, പാരാ മോട്ടോറിംഗ് എന്നിവയും ഫെസ്റ്റിന്റെ ആകർഷണങ്ങളാണ്. വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരവും ഇക്കുറി മേളയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാവികസേനാ ബാൻഡ്, ജാസ് വാദകൻ ശിവമണിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതം, ഗായകരായ വിധു പ്രതാപ്, സിത്താര എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമാണ്. കയാക്കിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ്, ബോട്ട് സെയിലിംഗ്, വലനെയ്ത്ത്, റീഗേറ്റ് സെയിലിംഗ് തുടങ്ങിയ മത്സരങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
കോഴിക്കോടിന്റെ തനത് സ്വാദ് നൽകുന്ന ഭക്ഷ്യമേള സംസ്ഥാനത്തെമ്പാടുമുള്ള ഭക്ഷണ പ്രേമികളെ ബേപ്പൂരിലേക്കാകർഷിക്കുമെന്ന കാര്യത്തിലും തർക്കമില്ല. ഇതിനു പുറമെ കോസ്റ്റ് ഗാർഡ്, കരസേന, നാവികസേന, എന്നിവയുടെ സാഹസിക പ്രകടനങ്ങൾ സാംസ്കാരിക സന്ധ്യ തുടങ്ങിയവയും അഞ്ച് ദിവസത്തെ ഉത്സവത്തിന്റെ ഹൈലൈറ്റുകളാണ്.
ഈ പരിപാടിയുടെ ബുദ്ധി കേന്ദ്രമായ മന്ത്രി മുഹമ്മദ് റിയാസാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്. റിയാസ് എം.എൽ.എ ആയ ശേഷം ബേപ്പൂരിന്‍റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍, വൻ തോതിലാണ് മണ്ഡലത്തിൽ നടക്കുന്നത്. ബേപ്പൂരിലെ പതിറ്റാണ്ടുകളായുള്ള വികസന ആവശ്യങ്ങള്‍ പലതും പരിഹരിക്കാന്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതെന്തായാലും പറയാതെ വയ്യ…
EXPRESS KERALA VIEW