പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചാ വിഷയമാകുന്നു. ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്ന് പറയുന്നവർ പോലും ഇപ്പോൾ മണ്ഡലത്തിലെ ചർച്ചാ വിഷയം വികസനമാണെന്നാണ് സമ്മതിച്ചിരിക്കുന്നത്. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിലാണ് ഇത്തരം പ്രതികരണം വോട്ടർമാർ നടത്തിയിരിക്കുന്നത്. ഇടതുപക്ഷവും യു.ഡി.എഫും തമ്മിൽ വാശിയേറിയ മത്സരം നടക്കുന്ന പുതുപ്പള്ളി ഇപ്പോൾ പ്രവചനാതീതമായിരിക്കുകയാണ്. ഇരുമുന്നണികളും സർവ്വ ശക്തിയും സമാഹരിച്ചാണ് വിജയിക്കാൻ ശ്രമിക്കുന്നത്. ഈ വാശി പ്രതികരണങ്ങളിലും ദൃശ്യമാണ്.
ചാണ്ടി ഉമ്മനു വോട്ട് ചെയ്യുമെന്ന് പറയുന്നവരിൽ ഭൂരിപക്ഷവും ഉമ്മൻചാണ്ടിയോടുള്ള സ്നേഹമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം ജെയ്ക്ക് വിജയിക്കുമെന്നു പറയുന്ന വിഭാഗം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് പുതുപ്പള്ളിയിലെ വികസനമില്ലായ്മയാണ്. ഇത് ചിലർ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുന്നുമുണ്ട്. 53 വർഷം ഉമ്മൻചാണ്ടി കൈവശം വച്ച പുതുപ്പള്ളിയിൽ അദ്ദേഹം പലവട്ടം മുഖ്യമന്ത്രിയായിട്ടും മന്ത്രിയായിട്ടും മണ്ഡലത്തിന് പ്രത്യേക പരിഗണനയൊന്നും കിട്ടിയിട്ടില്ലന്നതാണ് ഒരു വിഭാഗം വോട്ടർമാർ പറയുന്നത്. അതേസമയം, മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത് അവർക്ക് വ്യക്തിപരമായി ഉമ്മൻചാണ്ടി സർക്കാർ നൽകിയ സഹായവും മൊത്തത്തിലുള്ള ഉമ്മൻചാണ്ടിയുടെ ഭരണ നേട്ടവുമാണ്. എന്നാൽ ഇവർ പോലും ജെയ്ക്ക് വീണ്ടും രംഗത്തിറങ്ങിയതോടെ മത്സരം പ്രവചനാതീതമായതായി പറയുന്നുമുണ്ട്.
സംസ്ഥാന രാഷ്ട്രീയം ചർച്ചയാക്കി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസ്സ് എം.എൽ.എമാരും എം.പിമാരും ഉൾപ്പെടെ മണ്ഡലത്തിൽ തമ്പടിച്ചാണ് പ്രചരണം നടത്തുന്നത്. ഇതിനെ പുതുപ്പള്ളിയിലെ സംഘടനാ കരുത്ത് ഉപയോഗിച്ച് പ്രതിരോധിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മണ്ഡലത്തിലെ വികസനം പ്രധാന ചർച്ചയായി മാറുന്നത് ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷ വിലയിരുത്തൽ. മണ്ഡലത്തിലെ ആകെയുള്ള 8പഞ്ചായത്തുകളിൽ പുതുപ്പള്ളി, പാമ്പാടി, മണർകാട്, കൂരോപ്പട, വാകത്താനം, അകലക്കുന്നം പഞ്ചായത്തുകളിൽ എൽഡിഎഫും അയർക്കുന്നം, മീനടം പഞ്ചായത്തുകൾ യുഡിഎഫും ആണ് നിലവിൽ ഭരിക്കുന്നത്.
ഇതിനു പുറമെ പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന പാമ്പാടി, മാടപ്പള്ളി, പള്ളം ബ്ലോക്കുകളിലെ ഡിവിഷനുകളിലും ഇടതുപക്ഷ ഭരണമാണുളളത്. ഉമ്മൻ ചാണ്ടി ഇല്ലാത്ത തിരഞ്ഞെടുപ്പിൽ ഈ കണക്കുകളിലാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം. ഉമ്മന്‍ചാണ്ടിയുടെ മരണം മൂലം ഒഴിവുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5നാണ് നടക്കുന്നത്. സെപ്റ്റംബര്‍ 8ന് വോട്ടെണ്ണലും നടക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ .ചർച്ച ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിന്റെ ത്രില്ലിലാണ് പുതുപ്പള്ളിക്കാർ. (പ്രതികരണങ്ങൾ വീഡിയോയിൽ കാണുക)