മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പുകില്‍ ഒരു വശത്ത് അരങ്ങേറുമ്പോള്‍ തന്റെ ജോലി ആരംഭിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യമാണ് ഫഡ്‌നാവിസ് സര്‍ക്കാരിനെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം വട്ടം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഫഡ്‌നാവിസ് ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ ആരംഭിച്ചു. ദുരിതാശ്വാസ ഫണ്ടിനുള്ള ചെക്കിലാണ് ആദ്യം അദ്ദേഹം ഒപ്പുവെച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ് ഫഡ്‌നാവിസിന്റെ ആദ്യത്തെ ഒപ്പുചാര്‍ത്തല്‍. ബിജെപി മുഖ്യന് 24 മണിക്കൂര്‍ നേരത്തേക്ക് ശ്വാസംവിടാനുള്ള സാവകാശം സുപ്രീംകോടതി അനുവദിച്ചിരുന്നു. ചൊവ്വാഴ്ച 10.30നാകും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതിന്റെ നിയമപരമായ വിഷയങ്ങളില്‍ കോടതി വിധി പ്രസ്താവിക്കുക. വേഗത്തില്‍, തട്ടിക്കൂട്ടിയ പരിപാടിയായി സത്യപ്രതിജ്ഞ നടത്തിയെന്നാണ് പ്രതിപക്ഷ സഖ്യം ആരോപിക്കുന്നത്.
ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏറ്റവും ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാകുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തതെന്ന് കേന്ദ്രം ബെഞ്ചിനെ അറിയിച്ചു. എന്‍സിപിയുടെ 54 എംഎല്‍എമാരുടെ പിന്തുണയും ബിജെപി നേടിയിട്ടുണ്ടെന്നാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്.
288 അംഗ നിയമസഭയില്‍ 105 എംഎല്‍എമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില. ബിജെപിയ്‌ക്കൊപ്പമുള്ള മൂന്ന് ദശകം നീണ്ട സഖ്യം വേര്‍പ്പെടുത്തിയാണ് ശിവസേന പ്രതിപക്ഷത്തോടൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചത്.