അധികാര തര്‍ക്കം മുറുകുന്നു: മഹാരാഷ്ട്ര ഇനി ഗവര്‍ണറുടെ കോര്‍ട്ടിലേക്കോ?ചങ്കിടിപ്പോടെ ബിജെപി

മുംബൈ:മഹാരാഷ്ട്രയിലെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അധികാര തര്‍ക്കം ഇപ്പോഴും മുറുകുകയാണ്. പ്രതിസന്ധി പരിഹരിക്കാനാകാതെ നട്ടംതിരിയുമ്പോള്‍ അവസാന ശ്രമമെന്ന നിലയില്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നാഗ്പൂരിലെത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ കണ്ടു.

പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ് കിഷോര്‍ തിവാരി മോഹന്‍ ഭഗവതിനു കത്തെഴുതിയതിനു പിന്നാലെയാണ് വിഷയത്തില്‍ മധ്യസ്ഥത തേടി ഫഡ്‌നവിസ് തന്നെ മോഹന്‍ ഭഗവതിനെ സന്ദര്‍ശിച്ചത്.

72 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാകും. പിന്നീട് ആറ് മാസത്തെ രാഷ്ട്രപതി ഭരണത്തിനു ശേഷം വീണ്ടും മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഇതൊഴിവാക്കാനാണ് ബിജെപിയില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുടെ ബിജെപി, ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തില്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ശിവസേന തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് മോഹന്‍ ഭഗവതുമായി ഫഡ്‌നവിസിന്റെ കൂടിക്കാഴ്ച.

ശിവസേനയുമായി 24 മണിക്കൂറും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷെ ഫഡ്നാവിസിന് കീഴില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് ബി.ജെ.പി വിഷയത്തില്‍ ഒടുവില്‍ പ്രതികരിച്ചത്. കൂടുതല്‍ ക്യാബിനറ്റ് പദവികള്‍ ശിവസേനയ്ക്ക് നല്‍കാമെന്നും ഇനി ശിവസേനയാണ് പ്രതികരിക്കേണ്ടതെന്നുമാണ് ബി.ജെ.പി ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞത്.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്.വെള്ളിയാഴ്ച നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതോടെ പന്ത് ഗവര്‍ണറുടെ കോര്‍ട്ടിലാകും.

Top