മോദി തങ്ങളെ നയിക്കണമെന്ന് 120 രാഷ്ട്രത്തലവൻമാർ ആവശ്യപെട്ടതായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളെ നയിക്കണമെന്നും ആഗോളതലത്തിൽ തങ്ങളുടെ ശബ്ദമായി മാറണമെന്നും 120 രാഷ്ട്രങ്ങളുടെ രാഷ്ട്രത്തലവന്മാരും സർക്കാരും ആഗ്രഹിക്കുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. താനെ ജില്ലയിലെ കല്യാണിൽ നടന്ന ഭാരതീയ ജനതാ പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യൻ പ്രധാനമന്ത്രി മോദി തങ്ങളെ നയിക്കണമെന്നാവശ്യപ്പെട്ട് 120 രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ, രാഷ്ട്രത്തലവൻമാർ എന്നിവർ ഒരു പ്രമേയം പാസാക്കി. ആഗോള തലത്തിൽ തങ്ങളുടെ ശബ്ദമാകാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇത് നമ്മുടെ രാഷ്ട്രനേതാവിന് ലഭിച്ച അംഗീകാരമാണ്’ -ഫഡ്നാവിസ് പറഞ്ഞു. എന്നാൽ, പ്രമേയത്തെക്കുറിച്ചോ ആവശ്യ​മുന്നയിച്ചു എന്ന് അദ്ദേഹം അവകാശപ്പെടുന്ന രാജ്യങ്ങളെക്കുറിച്ചോ വിശദാംശങ്ങളൊന്നും വ്യക്തമാക്കാൻ ഫഡ്നാവിസ് തയാറായില്ല.

അതേസമയം, ഈ വർഷം ജനുവരിയിൽ ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ്’ എന്ന പേരിൽ ദ്വിദിന വെർച്വൽ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. അതിൽ 120 വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഫഡ്നാവിസ് അവകാശവാദം ഉന്നയിച്ചത് ഈ സമ്മേളനത്തെ ഉദ്ദേശിച്ചാകാം എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Top