ഹൈദരബാദ്: പന്ത് ചുരണ്ടല്‍ വിവാദങ്ങളില്‍ നിന്ന പുറത്ത് കടന്ന് മികച്ച പ്രകടനവുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ വരവ്. എന്നാല്‍ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വാര്‍ണര്‍ ടീമിനോട് അധികം വൈകാതെ വിട പറയുകയും ചെയ്തു. നിര്‍ണായക പോരാട്ടത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടീമിനെ വിജയത്തിലെത്തിച്ചാണ് മുന്‍ നായകന്‍ കൂടിയായ വാര്‍ണര്‍ മടങ്ങുന്നത്.
ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരങ്ങളില്‍ വാര്‍ണര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമടക്കം 69.20 റണ്‍സ് ശരാശരിയിലാണ് താരത്തിന്റെ മിന്നും പ്രകടനം. സീസണില്‍ മിക്ക സമയത്തും ഓറഞ്ച് ക്യാപും വാര്‍ണര്‍ തന്നെ വച്ചു.
സീസണ്‍ അവസാനിക്കും മുന്‍പ് തന്നെ ടീമിനോട് യാത്ര പറഞ്ഞ വാര്‍ണര്‍ക്ക് വികാര നിര്‍ഭരമായ അഭിനന്ദനങ്ങള്‍ നല്‍കിയിരിക്കുകയാണ് ഭാര്യ കാന്‍ഡിസ് വാര്‍ണര്‍. തന്റെ ട്വിറ്റര്‍ പേജിലാണ് കാന്‍ഡിസ് വാര്‍ണറിന് ആശംസകള്‍ നല്‍കിയത്.
‘ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഈ ഐപിഎല്‍ സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു. ഞാനും നമ്മുടെ പെണ്‍കുട്ടികളും നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ പ്രവൃത്തിയിലെ ധാര്‍മികതയും ഒരിക്കലും ഉപേക്ഷിക്കരുതെന്ന മനോഭാവവും പ്രചോദനാത്മകമാണ്. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു’ – എന്നും കാന്‍ഡിസ് കുറിച്ചു.