ദേവികുളം തെരഞ്ഞെടുപ്പ് കേസ്; എ.രാജ നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റി

ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് എ.രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത ബുധനാഴ്ച്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനപ്പെട്ട് രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് കേസിലെ എതിര്‍കക്ഷി ഡി കുമാറിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

മാമോദീസ രജിസ്റ്റര്‍, സംസ്‌കാരം രജസിറ്റര്‍, കുടുംബ രജിസ്റ്റര്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് ആരോപണം. എല്ലാ രേഖകളുടെയും ഒര്‍ജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കാന്‍ ഡി കുമാറിന്റെ അഭിഭാഷകന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, കേസില്‍ എ രാജ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങമൂലം സമര്‍പ്പിച്ചു. തനിക്കെതിരായ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും 1949 മുതല്‍ തന്റെ കുടുംബം കേരളത്തിലുണ്ടെന്നും എ.രാജ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്ന മൊഴി അവിശ്വസനീയമാണെന്നും എ.രാജ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ പറയ സമുദായ അംഗമാണ്. മതം മാറിയെന്നത് തെളിയ്ക്കാന്‍ യതൊരു രേഖയും എതിര്‍കക്ഷിക്ക് ഹാജരാക്കാനായില്ലെന്നും രാജ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ എ രാജയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവര്‍ ഹാജരായി. കേസിലെ എതിര്‍കക്ഷി ഡി കുമാറിനായി മുതിര്‍ന്ന അഭിഭാഷകന്‍ നരേന്ദ്രഹൂഡ, അഭിഭാഷകന്‍ അല്‍ജോ. കെ.ജോസഫ് എന്നിവര്‍ ഹാജരായി.

Top