റീസര്‍വേ തടസപ്പെടുത്തുന്നതിനു പിന്നില്‍ കൈയേറ്റക്കാരെന്ന് ദേവികുളം സബ്കളക്ടര്‍

ചെന്നൈ: ഇടുക്കിയില്‍ നീലക്കുറിഞ്ഞി സങ്കേതം റീസര്‍വേ തടസപ്പെടുത്തുന്നതിനു പിന്നില്‍ കൈയേറ്റക്കാരെന്ന് ദേവികുളം സബ്കളക്ടര്‍ പ്രേം കുമാര്‍.

ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സബ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ദേവികുളത്തെ അതിര്‍ത്തി നിര്‍ണയം കൈയേറ്റക്കാര്‍ തടസപ്പെടുത്തുകയാണ്. വട്ടവട, കൊട്ടക്കാമ്പൂര്‍ ബ്ലോക്കുകളിലെ റീസര്‍വേ ഇക്കാരണത്താല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാറിലെ വന്‍ തോട്ടങ്ങളില്‍ മിക്കവയും കൈയേറ്റഭൂമിയാണെന്നു സംശയിക്കുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

നേരത്തെ, മൂന്നാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി കൃത്യമായി നിര്‍ണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. കുറിഞ്ഞി മലയില്‍ കൈയേറ്റം ഉണ്ടെങ്കില്‍ ഉടന്‍ നടപടിയെടുക്കണമെന്നും, ഏലമലക്കാടുകളുടെ അതിര്‍ത്തി നിര്‍ണയിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഈ നിര്‍ദേശത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് സബ് കളക്ടറുടെ സത്യവാങ്മൂലം.

മൂന്നാറിലെ കൈയേറ്റക്കാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. മൂന്നാറിലെ എട്ട് വില്ലേജുകളിലായി അനുമതിയില്ലാതെ പണിത 330 അനധികൃത നിര്‍മാണങ്ങളുടെ പട്ടികയാണ് ഹരിത ട്രൈബ്യൂണലില്‍ ഹാജരാക്കിയത്.

Top