താൻ മമ്മുട്ടി ഫാൻ, പേടിച്ചോടില്ല, ദ കിംഗിലെ ജോസഫ് അലക്സ് പ്രചോദനം ; ശ്രീറാം

കോഴിക്കോട്: പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍.

പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീറാം തന്റെ മനസ്സുതുറന്നത്. വീട്ടുകാരുടെ പേടി സ്വാഭാവികമാണ്. സ്വകാര്യജീവിതത്തെ അത് ഒരളവുവരെ ബാധിച്ചിട്ടുണ്ട്. അതിനു വേറെ പരിഹാരമൊന്നുമില്ലന്നും ശ്രീറാം പറഞ്ഞു.

വിവാദങ്ങള്‍ക്കില്ല എന്ന ആമുഖത്തോടെയാണ് ശ്രീറാം അഭിമുഖം ആരംഭിച്ചത്.

മുഖം നോക്കിത്തന്നെയാണ് നടപടികള്‍ കൈക്കൊള്ളാറുള്ളതെന്നു പറയുന്ന സബ്കളക്ടര്‍ മുഖം നോക്കാതെ എങ്ങിനെയാണ് നടപടികള്‍ സ്വീകരിക്കുക എന്നും നിയമം പ്രായോഗികമായ രീതിയില്‍ നടപ്പാക്കുകയാണ് ഒരു ഉദ്യോഗസ്ഥന്റെ പ്രധാന കര്‍ത്തവ്യമെന്നും അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

ചെയ്യുന്ന നല്ല പ്രവര്‍ത്തികളിലൂടെ സമൂഹത്തില്‍ അറിയപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. ചുറ്റുമുള്ള ആളുകള്‍ അതിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ പ്രചോദനമാണെന്നും ശ്രീറാം പറഞ്ഞു.

എടുത്ത തീരുമാനങ്ങള്‍ തെറ്റായി എന്ന് ഒരിക്കലും തോന്നിയിട്ടില്ല ചെയ്തതിനെ ഓര്‍ത്ത് ഒരിക്കലും ദഃഖിക്കേണ്ടി വന്നിട്ടില്ലന്നും സബ്കളക്ടര്‍ പറയുന്നു.

ശമ്പളമല്ല, ഇടപെടലിനുള്ള അവസരമാണ് മുഖ്യം. ഒരു ഡോക്ടര്‍ക്ക് കിട്ടുന്നതിലും കുറവ് പൈസയേ ഇപ്പോഴത്തെ ജോലിക്ക് കിട്ടുകയുള്ളൂ എന്നത് ശരിയാണ്. പക്ഷേ, അതിനേക്കാളും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യാനാവും. ജനങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിലായാലും സര്‍ക്കാരിന്റെ നയങ്ങളുടെ കാര്യത്തിലായാലുമെന്നും ശ്രീറാം വിശദീകരിക്കുന്നു.

ഒരു കാലത്ത് നന്മയ്ക്ക് വേണ്ടി നില്‍ക്കണം എന്നതിന് ഏറ്റവും വലിയ പ്രചോദനമായിരുന്നു ‘ദ കിംഗ്’ ലെ മമ്മുട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രം, ഒരു തലമുറയ്ക്ക് തന്നെ മാതൃകയാണ് അത്തരം സിനിമകളെന്നും മമ്മൂക്ക ഫാന്‍ കൂടിയായ ശ്രീറാം വ്യക്തമാക്കുന്നു.

Top