പോലീസ് സ്റ്റേഷനുകളുടെ ചുമതല തിരികെ എസ്.ഐമാര്‍ക്ക് കൈമാറുന്നു; ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചേല്‍പ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. രണ്ട് സ്റ്റേഷന്റെ ചുമതല നിര്‍വ്വഹിച്ചിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഒന്നിലേക്ക് ഒതുക്കിയ ഒന്നാം പിണറായി സര്‍ക്കാരിന്റെ പരിഷ്‌ക്കാരം പാളിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന. സ്റ്റേഷന്‍ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമാക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍.

2018 നവംബര്‍ ഒന്നിനായിരുന്നു അന്നത്തെ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ പൊലിസ് പരിഷ്‌ക്കരണം നടന്നത്. സംസ്ഥാനത്ത 472 പൊലിസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക ഇന്‍സ്‌പെക്ടര്‍ റാങ്കിലേക്ക് ഉയര്‍ത്തുകയും 218 പേര്‍ക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നല്‍കുകയും ചെയ്തു.

പക്ഷെ പരിഷ്‌ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന എസ്.പിമാരുടെയും എ.ഡി.ജി.പിമാരുടെയും വിമര്‍ശനം പരിശോധിക്കുന്നതിന് ഡി.ജി.പി ടി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സമിതി റിപ്പോര്‍ട്ട് അനുസരിച്ച്, നാലുവര്‍ഷം പിന്നിടുമ്പോള്‍ പരിഷ്‌ക്കരണം വേണ്ടത്ര ഫലമുണ്ടാക്കിയെന്നാണ് അന്തിമ വിലയിരുത്തല്‍. എല്ലാ ഉത്തരവാദിത്തവും ഇന്‍സ്‌പെക്ടറിലേക്ക് വന്നു ചേര്‍ന്നതോടെ പലര്‍ക്കും മാനസിക സംഘര്‍ഷങ്ങളും ശാരീരിക പ്രശ്‌നങ്ങളുമുണ്ടായി. ഗ്രേഡ് എസ്.ഐമാരുടെ പ്രമോഷനെയും പുതിയ സംവിധാനം തകിടം മറിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനത്തെ ചില പ്രധനപ്പെട്ട സ്റ്റേഷനുകളില്‍ ഒഴികെ മറ്റ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് തിരികെ നല്‍കാനും മേല്‍നോട്ട ചുമതലകളിലേക്ക് ഇന്‍സ്‌പെക്ടര്‍മാരെ മടക്കികൊണ്ടുവരാനുമാണ് സമിതിയുടെ ശുപാര്‍ശ. കേസുകള്‍ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തില്‍ എസ്.ഐമാര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. എസ്.ഐമാരുടെ റാങ്ക് പട്ടിക നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പേരെ ഇപ്പോള്‍ നിയോഗിക്കാനും കഴിയും.

അതേസമയം ജനുവരി ഒന്നു മുതല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ്, മ്യൂസിയം, കഴക്കൂട്ടം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍, കോഴിക്കോട് നടക്കാവ് തുടങ്ങിയ ഹെവി സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ തന്നെ നിലനിര്‍ത്തും. സ്റ്റേഷനുകളില്‍ നിന്നും പിന്‍വലിക്കുന്ന ഇന്‍സ്‌പെക്‌സര്‍മാരെ പോക്‌സോ, സൈബര്‍, സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണങ്ങള്‍ക്കായി വിനിയോഗിക്കും.

Top