പശുക്കളെ സംരക്ഷിക്കണം; തിരുപ്പതി ബാലാജിക്ക് ഒരു കോടി രൂപ നല്‍കി ഭക്തന്‍

ബംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വരുമാനമുള്ള അമ്പലങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഒരു ഭക്തന്‍ ഒരു കോടി രൂപ സംഭാവനയായി നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുന്നത്.

ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ഉടമയായ അമര്‍നാഥ് ചൗധരിയാണ് ക്ഷേത്രത്തിന് സംഭാവന നല്‍കിയത്. ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷണ ട്രസ്റ്റിനായി ഈ തുക വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സംഭാവന. ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷം ഇരുവരും തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി ധര്‍മ്മ റെഡ്ഡിക്ക് ഡിഡി കൈമാറുകയായിരുന്നു.

തന്റെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ഭഗവാനോട് 9 വര്‍ഷം മുന്‍പ് നേര്‍ന്നതായിരുന്നു ഈ തുക. ക്ഷേത്ര കര്‍മ്മങ്ങള്‍ക്കും മറ്റും പാല്‍ വിതരണം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ഡയറി ഫാമിലെ പശുക്കളുടെ ക്ഷേമത്തിനായി തുക വിനിയോഗിക്കണമെന്നാണ് ചൗധരിയുടെ ആവശ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം ഭക്തരാണ് ദിനവും ഇവിടെ ദര്‍ശനത്തിനെത്തുന്നത്. ഇവിടെ കാണിക്കയായി മാത്രം ദിവസം രണ്ടേകാല്‍ കോടി രൂപവരെ ലഭിക്കാറുണ്ടെന്നാണ് കണക്കുകള്‍.

Top