ഡല്‍ഹി: ശബരിമലയിലെ ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നവരെ വിമര്‍ശിച്ച് സുപ്രീം കോടതി. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്ന ‘വൈബ്’ ശബരിമലയിലെ ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ കാണണമെന്ന് സുപ്രീം കോടതി. ഗുരുദ്വാരകളിലെ ശുചിത്വം ഉള്‍പ്പടെ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം. തിരുപ്പതി, വൈഷ്ണവ ദേവി തുടങ്ങിയ ക്ഷേത്രങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ മികച്ച ക്രമീകരണങ്ങളാണ് ഉള്ളതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി കെ.കെ. രമേശ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തുന്ന സൗകര്യം ശബരിമല തീര്‍ത്ഥാടകര്‍ക്കും ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കണെമന്നും ഹര്‍ജിക്കാരനുവേണ്ടി ഹജരായ അഭിഭാഷകന്‍ ജയ സുക്യന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കേരള ഹൈക്കോടതിയാണ് ഉചിതമെന്ന് സുപ്രീം കോടതി പറഞ്ഞു. ശബരിമലയിലെ ഭൂപ്രകൃതി ഉള്‍പ്പടെയുള്ള സവിശേഷമായ സാഹചര്യങ്ങള്‍ ഹൈക്കോടതിക്ക് കൂടുതല്‍ അറിയാമെന്നും ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പൊതു താത്പര്യ ഹര്‍ജി ഫയല്‍ചെയ്യുന്നതിനെയും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ.വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.