കനത്ത മഴയിലും ശബരിമലയിലെ ഭക്തരുടെ തിരക്ക് തുടരുന്നു

പത്തനംത്തിട്ട: കനത്ത മഴയിലും ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു. വെര്‍ച്യുല്‍ ക്യു വഴി 90000 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. മണിക്കൂറില്‍ പതിനെട്ടാം പടി ചവിട്ടുന്നത് 3600 മുതല്‍ 4000 വരെ ഭക്തര്‍. ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാല്‍ തിരക്ക് വര്‍ധിക്കുന്നു. സ്‌പോട്ട് ബുക്കിങ്ങിലൂടെയും കാനന പാതയിലൂടെയും കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ. പരമാവധി വേഗത്തില്‍ ഭക്തരെ ദര്‍ശനം നടത്തി അയക്കുകയാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്.

അതേസമയം, ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നുവെന്ന്് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാകും സേവനം. ഒരാള്‍ക്ക് പരമാവധി അരമണിക്കൂര്‍ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്വര്‍ക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തര്‍ക്ക് ആശ്വാസം പകരുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.

Top