അയോധ്യ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജ ചടങ്ങിന് ഭക്തര്‍ എത്തേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങ് ടിവിയില്‍ കാണാനാണ് രാമജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ഭക്തരോട് ആവശ്യപ്പെട്ടത്.
കോവിഡ് സാഹചര്യത്തില്‍ വലിയ ഒത്തുചേരലുകളും ആള്‍ക്കൂട്ടവും സാധ്യമല്ല. അതിനാല്‍ ഭൂമിപൂജ ടിവിയില്‍ കാണണമെന്നും അന്നേദിവസം വൈകീട്ട് വീടുകളില്‍ വിളക്ക് തെളിയിച്ച് ഭക്തര്‍ ചടങ്ങിന്റെ ഭാഗമാകണമെന്നും ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിച്ചു. ആഗസ്റ്റ് അഞ്ചിനാണ് തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്.
അതേസമയം, രമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.
അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ച കാര്യം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് അറിയിച്ചത്. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിക്കും. 12.15നാണ് ഭൂമി പൂജ നടക്കുക.
40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും.
നരേന്ദ്രമോദിക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍, എല്‍കെ അധ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്വാര്‍, യോഗി ആദിത്യനാഥ്, മോഹന്‍ ഭാഗവത് അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.