എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎയിലേയ്ക്ക് വോട്ടുചോര്‍ച്ചയെന്ന് പ്രകാശ് ബാബു ;ആരോപണം അസംബന്ധമെന്ന് സിപിഎം

കോഴിക്കോട് : എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎയിലേയ്ക്ക് ഇത്തവണ വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായതായി ആവര്‍ത്തിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ അനുയായികളായ ചിലരാണ് തനിക്ക് അനുകൂലമായി വോട്ടുചെയ്തതെന്നും ആവശ്യമെങ്കില്‍ തെളിവുകള്‍ ഹാജരാക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. എണ്ണൂറ്റി പതിനഞ്ച് വോട്ടിനാണ് എം.കെ.രാഘവനോട് തോറ്റത്. അന്ന് എ. പ്രദീപ്കുമാറിന്റെ നിസഹകരണവും വോട്ട് മറിക്കലുമാണ് പരാജയത്തിന് കാരണമായതെന്ന് റിയാസ് അനുകൂലികള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഈ വിദ്വേഷം മൂലമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ റിയാസിനോട് അടുപ്പമുള്ളവര്‍ തനിക്ക് വേണ്ടി രംഗത്തെത്താന്‍ കാരണം. ഇവര്‍ നേരിട്ടിടപ്പെട്ടാണ് എല്‍ഡിഎഫ് വോട്ടുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാകാനുള്ള സാഹചര്യമൊരുക്കിയത്. ഇവര്‍ ആവശ്യപ്പെട്ടതുപ്രകാരം പലയിടത്തും താന്‍ നേരിട്ടെത്തി നേതാക്കളെക്കണ്ട് വോട്ടുറപ്പിച്ചു.

അതേസമയം ആരോപണം അസംബന്ധമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കുറ്റമറ്റ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഫലം വരുന്നതോടെ ഇക്കാര്യം ഏവര്‍ക്കും ബോധ്യപ്പെടുമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.

Top