പാലക്കാട്: ധോണിയില്‍ വനം വകുപ്പ് പിടികൂടി സംരക്ഷിക്കുന്ന കൊമ്പന്‍ പി ടി സെവന്റെ കാഴ്ച്ചശക്തി വീണ്ടെടുക്കുന്നതില്‍ പുരോഗതിയില്ല. കാഴ്ച്ചശക്തി വീണ്ടെടുക്കാന്‍ ചികിത്സ തുടരുന്നുണ്ടെന്നും നിലവില്‍ ആന ശാന്തനാണെന്നും ഡിഎഫ്ഒ പ്രതികരിച്ചു.’ശാരീരികമായി മറ്റുപ്രശ്നങ്ങള്‍ ഇല്ല. ആനയെ കാട്ടിലേക്ക് വിടണം എന്നുതന്നെയാണ് വനംവകുപ്പിന്റെ നിലപാട്. എന്നാല്‍ തിരികെ കാട്ടിലേക്ക് വിട്ടാല്‍ ആനയുടെ സ്ഥിതി എങ്ങനെയാവുമെന്ന് പ്രവചിക്കാന്‍ ആവില്ല.’ ഡിഎഫ്ഒ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി ജനവാസ മേഖലയില്‍ ഇറങ്ങി വിഹരിക്കുകയായിരുന്നു പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പിടി 7. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമനാണ് അന്ന് കൊല്ലപ്പെട്ടത്.
പാലക്കാട് ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പന്‍ പി ടി സെവനെ മയക്കുവെടിവെച്ചായിരുന്നു 2023 ജനുവരി 22-ന് പിടിക്കൂടിയത്. വൈല്‍ഡ് ലൈഫ് ചീഫ് വെറ്ററനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടികൂടിയത്. കോന്നി സുരേന്ദ്രന്‍, വിക്രം, ഭരതന്‍ തുടങ്ങിയ കുംകിയാനകളും സംഘത്തിലുണ്ടായിരുന്നു.ഒരു വര്‍ഷം തുടര്‍ച്ചയായി ചികിത്സ നടത്തിയിട്ടും പി ടി സെവന്റെ കാഴ്ച്ച തിരികെ ലഭിക്കുന്നില്ല. 20 വയസ്സുമാത്രമുള്ള ആനയുടെ കാഴ്ച്ച നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്.