കൊച്ചി: കൊച്ചിന്‍ കപ്പല്‍ശാലയില്‍ കപ്പലിലുണ്ടായ സ്‌ഫോടനം ഒഴിവാക്കാമായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ്(ഡിജി ഷിപ്പിങ്). ഏത് തരം വാതക ചോര്‍ച്ചയും പരിശോധിക്കാന്‍ സംവിധാനമുണ്ട്, സുരക്ഷാ പരിശോധനയിലെ പാളിച്ചയാകാം അപകടത്തിന് കാരണമെന്നും ഡിജി ഷിപ്പിങ് വ്യക്തമാക്കി.
കപ്പലിലുണ്ടായ സ്‌ഫോടനത്തിന് കാരണം വാതക ചോര്‍ച്ചയാണെന്ന് ഷിപ്പ് യാര്‍ഡ് സി.എം.ഡി മധു നായര്‍ അറിയിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് വാതകത്തിന്റെ ഗന്ധമുണ്ടായി. ജോലി നടന്നിരുന്നത് ടാങ്കിന്റെ ഉള്ളിലാണ്. ടാങ്കിന്റെ ഒരു ഭാഗത്ത് വാതകം നിറഞ്ഞിരുന്നു. മരിച്ച മൂന്ന് പേര്‍ അഗ്‌നനിശമസേന വിഭാഗത്തിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായ കപ്പല്‍ 30 വര്‍ഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷമാണ് ഇന്നും ജീവനക്കാര്‍ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും ഡയറക്ടര്‍ ഓപ്പറേഷന്‍സിന്റെ നേതൃത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചിരുന്നു.
പത്തനംതിട്ട സ്വദേശി ജിവിന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി റംഷാദ്, കൊച്ചി എരൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, വൈറ്റില സ്വദേശി കണ്ണന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്‌സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ശ്രീരൂപിന്റെ നില ഗുരുതരമാണ്. ഉണ്ണികൃഷ്ണനും ജിവിനും ഫയര്‍മാന്മാരും റംഷാദ് സൂപ്പര്‍വൈസറുമാണ്. കരാര്‍ ജീവനക്കാരനാണ് ഗവിന്‍.
ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും പുക പടര്‍ന്നാണ് മരണമുണ്ടായതെന്ന് കരുതുന്നതായും കമ്മീഷണര്‍ പറഞ്ഞു.