യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴ

ബെംഗളുരു: യാത്രക്കാരെ കയറ്റാൻ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒൻപതാം തിയതി ബെംഗളുരുവിൽ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാർ വിമാനത്തിന്റെ അടുത്തേക്ക് എത്തിക്കുന്ന ബസിൽ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്. ഇവരെ വിമാനത്തിനുള്ളിലേക്ക് കയറ്റാതെ വിമാനം പുറപ്പെട്ടത് കണ്ട് കാര്യം മനസിലാകാത്ത അവസ്ഥയിലായിരുന്നു ബസിലെ വിമാനക്കമ്പനി ജീവനക്കാരും ടിക്കറ്റെടുത്ത യാത്രക്കാരും.

ജി 8 116 വിമാനമാണ് യാത്രക്കാരെ മറന്ന് പറന്നുയർന്നത്. പുലർച്ചെ 6.30നുള്ള സർവ്വീസിന് തയ്യാറായി എത്തിയ യാത്രക്കാർക്ക് പിന്നീട് മണിക്കൂറുകൾ വൈകിയാണ് മറ്റ് വിമാനങ്ങളിൽ സീറ്റ് നേടാനായത്. ഇതോടെ വ്യോമയാന മന്ത്രിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്ത് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. സംഭവത്തിൽ ഗോ ഫസ്റ്റ് എയർവേസിന് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

Top