വിമാനത്താവളങ്ങളുടെ സുരക്ഷ ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിസിഎ

കൊച്ചി: വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളുടെ സമീപം ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്‍പ് ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. സുരക്ഷിതവും സുഗമവുമായ വിമാന യാത്ര ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡി.ജി.സി.എ അറിയിച്ചു.

പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ

മാലിന്യ നിര്‍മാര്‍ജനം: പക്ഷികളെ ആകര്‍ഷിക്കുന്ന തരത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നിര്‍ദിഷ്ട വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കുക. ഗാര്‍ഹിക മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സംസ്‌കരിക്കണം.

സസ്യ നിയന്ത്രണങ്ങള്‍: എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള സോണുകള്‍ കൃത്യമായി പരിപാലിക്കുക. വന്യജീവി കടന്നു കയറ്റം തടയാന്‍ മരങ്ങളും സസ്യങ്ങളും പതിവായി വെട്ടിമാറ്റി വൃത്തിയാക്കുക. പക്ഷി ആക്രമണ പ്രതിരോധം: പക്ഷികളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന അപകടസാദ്ധ്യതകള്‍ കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുക.

ഡ്രെയിനേജ് പരിപാലനം: വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ ഡ്രെയിനേജ് സംവിധാനങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുക. തടസ്സങ്ങളില്ലാതെ എല്ലായ്പ്പോഴും വെള്ളം ഒഴുകുന്നതിനായി ഡ്രെയിനുകളിലും ഗട്ടറുകളിലും അവശിഷ്ടങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുക.

വെള്ളക്കെട്ട് ഒഴിവാക്കുക: വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ അവ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക. ഇല്ലെങ്കില്‍ കൊതുക് പെരുകുന്നതിനും പക്ഷികളെ ആകര്‍ഷിക്കുന്നതിനും അതിടയാക്കും. തണ്ണീര്‍ത്തടങ്ങള്‍, മത്സ്യ ഫാമുകള്‍ എന്നിവ മൂടി സൂക്ഷിക്കുക. നിങ്ങളുടെ പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്‌നങ്ങളെക്കുറിച്ച് പ്രാദേശിക അധികാരികളെ അറിയിക്കുക. നേരത്തെ വിവരം അറിയിച്ചാല്‍ ആരോഗ്യ – സുരക്ഷാ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായകമാവും.

കശാപ്പ് കേന്ദ്രങ്ങള്‍: കശാപ്പ് കേന്ദ്രങ്ങളിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിക്കുക. വിമാനത്താവളത്തിന് സമീപമുള്ള അനധികൃത കശാപ്പ് പ്രവര്‍ത്തനം ഉടനടി റിപ്പോര്‍ട്ട് ചെയ്യുക.

ഡ്രോണ്‍ ഉപയോഗം: പ്രത്യേക അനുമതിയില്ലാതെ വിമാനത്താവളത്തിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.

ലേസര്‍ ലൈറ്റുകള്‍: വിമാനത്താവളത്തിന് സമീപം ലേസര്‍ ലൈറ്റുകള്‍, ശക്തമായി പ്രകാശിക്കുന്ന ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കരുത്. പൈലറ്റുമാര്‍ക്ക് താത്കാലിക അന്ധതയ്ക്കും ദിശാബോധം നഷ്ടപ്പെടാനും ഇത് കാരണമാകും.

കെട്ടിട നിര്‍മാണം: വിമാനത്താവളത്തിനടുത്തുള്ള കെട്ടിടനിര്‍മ്മാണത്തിന് നിയമാനുസൃത നിയന്ത്രണങ്ങള്‍ പാലിക്കുക. നിയുക്ത സോണുകള്‍ക്കുള്ളിലെ കെട്ടിടനിര്‍മാണം ആവശ്യമായ അനുമതികള്‍ നേടിയ ശേഷം മാത്രം ആരംഭിക്കുക.

ഹോട്ട് എയര്‍ ബലൂണ്‍: നിയമാനുസൃതമായ എയര്‍ വേര്‍തിനെസ്സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ബലൂണ്‍ പറപ്പിക്കലിനും, വില്‍ക്കല്‍, വാങ്ങല്‍ ഇടപാടുകള്‍ക്കുമായി ഡി.ജി.സി.എയില്‍ രജിസ്റ്റര്‍ ചെയ്യുക

വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എയര്‍ക്രാഫ്റ്റ് നിയമം-1937 പാലിക്കണമെന്ന് ഡി.ജി.സി.എ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പിഴയടക്കേണ്ടതായി വരും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് വ്യോമയാന പ്രവര്‍ത്തനങ്ങളുടെ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്നും ഡിജിസിഐ അറിയിച്ചു.

Top