ന്യൂഡൽഹി∙ സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ പരാജയപ്പെട്ടതിന് ഗോ ഫസ്റ്റ് എയർലൈന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകി. ടിക്കറ്റ് വിൽപ്പനയും ബുക്കിങ്ങും ഇനിയൊരു നിർദേശമുണ്ടാകും വരെ പാടില്ലെന്നും നോട്ടിസിൽ അറിയിച്ചിട്ടുണ്ട്. 15 ദിവസത്തിനകം നോട്ടിസിന് മറുപടി നൽകണം. ഈ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഗോ ഫസ്റ്റിന്റെ ലൈസൻസിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
നിലവിൽ മേയ് 15 വരെ ടിക്കറ്റ് വിൽപ്പനയും മേയ് 12 വരെ സർവീസുകളും ഗോ ഫസ്റ്റ് നിർത്തിവച്ചിരിക്കുകയാണ്.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം മുൻപ് ഗോ എയർ എന്നാണ് അറിയപ്പെട്ടിരുന്നത്. നിലവിൽ പാപ്പരായി പ്രഖ്യാപിക്കുന്നത് ദേശീയ കമ്പനി ട്രൈബ്യൂണലിൽ നൽകിയ അപേക്ഷയിൽ മാറ്റം വരുന്നതിന് ഗോ ഫസ്റ്റ് ഹർജി സമർപ്പിച്ചിട്ടുണ്ട്. എയർലൈനിന്റെ കടവും ബാധ്യതകളും വർധിച്ചത് കോവിഡിന്റെ പശ്ചത്താലത്തിലാണ്. അതിനാൽ അതിനനുസരിച്ച് അപേക്ഷയിൽ മാറ്റം വരുത്തണമെന്നാണു ഗോ ഫസ്റ്റ് ആവശ്യപ്പെടുന്നത്.
സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് എയർലൈൻ അറിയിച്ചിട്ടുണ്ട്. ചെലവ് കുറഞ്ഞ സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ ഏതാനും ആഴ്ചകളായി പറക്കുന്നില്ല. അമേരിക്കന്‍ കമ്പനി പ്രാറ്റ് ആന്‍ഡ് വിറ്റ്നിയില്‍നിന്നു വിമാന എന്‍ജിന്‍ ലഭിക്കാത്തതാണു കാരണം. തുടര്‍ച്ചയായി പണം തിരിച്ചടവു മുടക്കിയതാണു നിലവിലെ പ്രശ്നങ്ങള്‍ക്കു വഴിവച്ചതെന്നാണു പ്രാറ്റ് ആന്‍ഡ് വിറ്റ്നി കമ്പനി അധികൃതരുടെ വാദം.