ന്യൂഡല്‍ഹി: നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിനെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. 2019 നവംബര്‍ അഞ്ചിന് മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു പൈലറ്റിന്റെ കുറ്റകരമായ അനാസ്ഥ.
മുംബൈ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള എയര്‍ ഏഷ്യ IAD374 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം പൈലറ്റ് അനുസരിച്ചില്ലെന്ന് ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തി. വിമാനം റണ്‍വേ 32ലെ ഹോള്‍ഡിങ് പോയന്റില്‍ തന്നെ നില്‍ക്കാന്‍ നല്‍കിയ നിര്‍ദേശം മറികടന്ന് അനുമതി ലഭിക്കാതെ പൈലറ്റ് വിമാനം മുന്നോട്ടെടുക്കുകയായിരുന്നു. സഹപൈലറ്റ് എടിസി നിര്‍ദ്ദേശം കൃത്യമായി ധരിപ്പിച്ചിട്ടും മുഖ്യ പൈലറ്റ് നിര്‍ദ്ദേശം മറികടന്നെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തിന് ശേഷം രണ്ട് പൈലറ്റുമാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് മറുപടിയായി പൈലറ്റ് ഇന്‍ കമാന്‍ഡ് (പിഐസി) തന്റെ വീഴ്ച സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ഡിജിസിഎ തീരുമാനിച്ചത്.