കിഴക്കമ്പലം അക്രമം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി

തിരുവനന്തപുരം: മൂവാറ്റുപുഴ കിഴക്കമ്പലം കിറ്റെക്‌സില്‍ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്.

അതേസമയം, ഡി.വൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ നിര്‍ദേശം നല്‍കി. ഹിന്ദിയും, ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ഉണ്ടാകണമെന്നും എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

അതിനിടെ, കേസില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും ക്രിസ്മസ് കരോള്‍ തര്‍ക്കം അല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങള്‍ അക്രമത്തിന് പ്രേരണയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എ.എസ്.പി അനൂജ് പലിവാല്‍ പറഞ്ഞു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല, മദ്യമല്ലാതെ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും എ.എസ്.പി വ്യക്തമാക്കി.

Top