പൊലീസിന് കൂറു വേണ്ടത് ഭരണഘടനയോട്, മേലുദ്യോഗസ്ഥരോടല്ലെന്ന് ജേക്കബ് പുന്നൂസ്‌

കൊച്ചി: പൊലീസിന് കൂറു വേണ്ടത് ഭരണഘടനയോടാണ് അല്ലാതെ മേലുദ്യോഗസ്ഥരോടല്ലെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസ് ആജ്ഞാനുവര്‍ത്തികളാകരുതെന്നും, നിയമം അറിഞ്ഞു വേണം പ്രവര്‍ത്തിക്കാനെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

പൊലീസിലെ ദാസ്യപ്പണി ഒരു തരത്തില്‍ അഴിമതി തന്നെയാണെന്നും ഇതിനെതിരെ ജനമനസാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററും ആര്‍ടിഐ കേരള ഫെഡറേഷനും ചേര്‍ന്നു സംഘടിപ്പിച്ച ‘പൊലീസ് സേനയുടെ നവീകരണം സമീപകാല സാഹചര്യങ്ങളില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൊലീസില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് മോശക്കാര്‍, എന്നാല്‍ അവര്‍ ചെയ്യുന്നതെല്ലാം സേനയെ മൊത്തമായി ബാധിക്കുമെന്നും, ഇപ്പോള്‍ സേനയില്‍ വരുന്നവരെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവരാണ്, അവര്‍ക്ക് മികച്ച പരിശീലനം കൊടുത്താല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഡിജിപി നിയമനം യുപിഎസ്സിക്കു വിടണമെന്ന സുപ്രീം കോടതി വിധി, വിരമിച്ചതിനു ശേഷവും അധികാരത്തില്‍ തുടരാന്‍ ചിലരെ അനുവദിക്കുന്നതാണെന്നും കസേരയില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടി പൊലീസ് എന്തും ചെയ്യുന്ന അവസ്ഥ വരുമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

രാഷ്ട്രീയക്കാര്‍ പൊലീസിനെയല്ല, പൊലീസുകാര്‍ രാഷ്ട്രീയക്കാരെയാണു ദുഷിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top