തിരുവനന്തപുരം: നടപടിക്രമങ്ങള്‍ പാലിച്ചാണ് താന്‍ സ്വകാര്യകോളേജില്‍ പഠിപ്പിക്കാന്‍ പോയതെന്ന് ഡിജിപി ജേക്കബ് തോമസ്. സത്കര്‍മ്മം ചെയ്തതിനെ കുറ്റപ്പെടുത്തരുതെന്നും ജേക്കബ് തോമസ് പറഞ്ഞു.
ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം പറഞ്ഞത്.
സര്‍വീസിലിരിക്കെ ജേക്കബ് തോമസ് സ്വകാര്യ കോളേജില്‍ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ചീഫ് സെക്രട്ടറി നടപടിക്ക് നിര്‍ദേശം നല്‍കിയത്.
സര്‍വീസില്‍ ഇരുന്ന കാലയളവില്‍ അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. മാസത്തില്‍ 1,69,000 രൂപ വച്ച് മൂന്ന് മാസത്തോളം ശമ്പളം പറ്റി എന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ജേക്കബ് തോമസിന്റെ നടപടികള്‍ അഖിലേന്ത്യാ ചട്ടം ലംഘിച്ചാണെന്നും അതിനാല്‍ തന്നെ സര്‍വീസ് ചട്ടലംഘനത്തിന് നടപടി എടുക്കണമെന്നും ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു.
സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ മുഖാന്തിരമാണ് കാരണംകാണിക്കല്‍ നോട്ടീസ് കൈമാറിയത്.