പ്രമുഖമാധ്യമസ്ഥാപനമായ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ 2015 പുരസ്‌കാരം നേടിയ ഡിജിപി ജേക്കബ് തോമസിന് അഭിനന്ദനങ്ങള്‍
സത്യസന്ധമായി നീതി നിര്‍വ്വഹണം നടത്തിയതിന്റെ പേരില്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലോകായുക്തക്ക് പരാതി നല്‍കുകയും ലോകായുക്ത ഫയല്‍ വിളിച്ച് വരുത്തുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ ഈ ബഹുമതി ജേക്കബ് തോമസിനെ തേടിയെത്തിയത് എന്നത് ജനങ്ങളുടെ കോടതിയുടെ വിധിയെഴുത്തായി വിലയിരുത്താവുന്നതാണ്.
വിജിലന്‍സിലും ലോകായുക്തയിലും ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയവരും പരാതി നല്‍കിച്ചവരും ഈ അംഗീകാരത്തെ കണ്ണ് തുറന്ന് കാണണം
ഏതെങ്കിലും ഒരു പ്രതിപക്ഷ മാധ്യമസ്ഥാപനമല്ല, മറിച്ച് ജേക്കബ് തോമസിനെ അപമാനിച്ചതിന് അദ്ദേഹം നിയമനടപടിക്ക് അനുമതി തേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മാധ്യമഗ്രൂപ്പില്‍ നിന്നുതന്നെയാണ് ഈ ജനകീയ അവാര്‍ഡ് ജേക്കബ് തോമസിനെ തേടിയെത്തിയത് എന്നത് ശ്രദ്ധേയമാണ്.
ചുമ്മാതട്ടിക്കൂട്ട് അവാര്‍ഡല്ല ഇത്. 2015 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന 10 പേരില്‍ നിന്ന് ഏറ്റവും അധികം വോട്ട് നേടിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നടന്‍ നിവിന്‍ പോളി, എന്നിവരെ പിന്തള്ളിയാണ് ജേക്കബ് തോമസ് ന്യൂസ് മേക്കര്‍ പട്ടം സ്വന്തമാക്കിയത്.
ഓണ്‍ലൈനിലും എസ്എംഎസിലുമായി ഒരുമാസം നീണ്ടുനിന്ന വോട്ടെടുപ്പില്‍ ആറ് ലക്ഷത്തിലേറെ പേരാണ് പങ്കാളികളായത്.
ജേക്കബ് തോമസിന്റെ ഈ അംഗീകാരം അദ്ദേഹം പറഞ്ഞത് പോലെ സത്യത്തിന്റെ കൂടെ നില്‍ക്കുന്ന അഴിമതിക്കെതിരായി പോരാടുന്ന ജനതക്കുള്ള അംഗീകാരം കൂടിയാണ്.
കാരണം അത്രമാത്രം കേരളത്തിലെ പ്രതികരിക്കുന്ന മനസ്സ് ഈ ഐപിഎസുകാരന്റെ ഒപ്പം നിന്നിട്ടുണ്ട്.
ഭരണകൂടം അതിന്റെ എല്ലാ നെറികേടുകളും ആയുധമാക്കി ജേക്കബ് തോമസിനെ ആക്രമിച്ചത് അദ്ദേഹം സത്യത്തിനും നീതിക്കും വേണ്ടി നിന്നു എന്ന ഒറ്റക്കാരണത്താലാണ്.
മുഖ്യമന്ത്രിക്ക് ‘വേണ്ടപ്പെട്ട’ പാറ്റൂര്‍ ഭൂമി ഇടപാടില്‍ സത്യസന്ധമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതും ബാര്‍ കോഴക്കേസില്‍ മന്ത്രിയായിരുന്ന കെ എം മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ധൈര്യം ലഭിച്ചതും വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ കസേരയിലിരുന്ന ചങ്കുറപ്പിന്റെ പ്രതിഫലനമായിരുന്നു.
വിജിലന്‍സില്‍ നിന്ന തെറിച്ച് ഫയര്‍ഫോഴ്‌സ് മേധാവിയുടെ കസേരയിലെത്തിയപ്പോഴും അദ്ദേഹം നടപ്പാക്കാന്‍ ശ്രമിച്ചത് ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത നടപടികളാണ്.
ഫ്‌ളാറ്റ് മാഫിയ കെട്ടിപ്പൊക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ പലതിനും ഒരു ഫയര്‍ഫോഴ്‌സ് വാഹനം കടന്ന് പോകാനുള്ള റോഡ് പോലുമില്ലാത്ത അവസ്ഥ അനുവദിക്കാന്‍ പറ്റില്ലെന്ന് ജേക്കബ് തോമസ് ഉത്തരവിട്ടത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നില്ല. മറിച്ച് പതിനായിരക്കണക്കിന് ആളുകളുടെ ജീവന്റെ വിലയറിയുന്നതു കൊണ്ടാണ്.
സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ പോയ യുവാവിന്റെ കണ്‍മുന്നില്‍ ഡല്‍ഹിയില്‍ പച്ചക്ക് നിന്ന് കത്തുന്ന മാംസത്തിന്റെ ഗന്ധം ഇപ്പോഴും ഉള്ളതു കൊണ്ടായിരിക്കാം ഇക്കാര്യത്തില്‍ ഉറച്ച നിലപാട് ഭരണകൂടത്തിന്റെ എതിര്‍പ്പ് വകവെക്കാതെ സ്വീകരിക്കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത്.
ഇല്ലാത്ത പരാതിയുടെ പേരില്‍ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും തെറിപ്പിക്കുക മാത്രമല്ല ഈ ഐപിഎസ് ഉദ്യേഗസ്ഥന്റെ ആത്മാര്‍ത്ഥതയേയും ഉദ്ദേശശുദ്ധിയേയും വരെ ചോദ്യം ചെയ്ത് അപമാനിക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഭരണകൂടം ശ്രമിച്ചത്.
അന്യായമായ സ്ഥലം മാറ്റത്തിനെതിരെ പ്രതികരിച്ചതിനും ബാര്‍കോഴക്കേസില്‍ കോടതി വിധിയെ സ്വാഗതം ചെയ്തതിനും വിശദീകരണ നോട്ടീസ് നല്‍കി നടപടിക്കും സര്‍ക്കാര്‍ തുനിഞ്ഞു.
സഹികെട്ട് മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് നിയമപരമായി സര്‍ക്കാരിനോട് തന്നെ അനുമതി തേടി ‘കാക്കിയുടെ കരുത്ത്’ പുറത്തെടുത്തതോടെയാണ് ഒടുവില്‍ പത്തിമടക്കി അച്ചടക്ക നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ജേക്കബ് തോമസിനെ അധിക്ഷേപിച്ച നാവ് കൊണ്ട് തന്നെ നിയമസഭയില്‍ അത് തിരുത്തിപറയേണ്ട ഗതികേട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായി എന്നതും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.
എഡിജിപി ഇരിക്കേണ്ട പൊലീസ് ഹൗസിംങ് കോര്‍പ്പറേഷന്‍ എംഡി തസ്തികയില്‍ ഡിജിപി തസ്തികയിലുള്ള ജേക്കബ് തോമസിനെ നിയമിച്ച് അപമാനിച്ചും ചില പരാതിക്കാരെ രംഗത്തിറക്കി അദ്ദേഹത്തിനെതിരെ വിജിലന്‍സ്-ലോകായുക്ത അന്വേഷണങ്ങള്‍ക്ക് വഴിയൊരുക്കിയും കുരുക്കി കെട്ടാനാണ് ഇപ്പോഴത്തെ ശ്രമം.
കേസില്‍ കുരുക്കി കെട്ടിയാല്‍ ഭരണമാറ്റമുണ്ടായാല്‍ ഇടത്പക്ഷത്തിനും ജേക്കബ് തോമസിനെ തന്ത്രപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കഴിയില്ലെന്ന് കണ്ടാണ് ധൃതിപിടിച്ച ഈ നീക്കം നടത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടപെടലോടെ ഈ ‘ഗൂഡാലോചന’ ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്.
അഴിമതിക്കെതിരെ നിലപാടെടുക്കുമ്പോള്‍ മനോവീര്യം കെടുത്താനുള്ള ഇത്തരം നീക്കങ്ങള്‍ വിലപോവില്ലെന്ന ജേക്കബ് തോമസിന്റെ മറുപടി തന്നെയാണ് ഇക്കാര്യത്തില്‍ ഭരണകൂടത്തിനുള്ള ശക്തമായ പ്രഹരം.
ചെറിയ വെളിച്ചവും ചെറിയ ശബ്ദവുമാകാനാണ് താന്‍ ശ്രമിച്ചതെന്ന ജേക്കബ് തോമസിന്റെ പ്രതികരണവും അര്‍ത്ഥവത്താണ്.
ഭരണകൂടം പടര്‍ത്തിയ അഴിമതിയുടെ കൂരിരുട്ടില്‍ ഏത് ചെറിയ പ്രകാശവും ചെറിയ ശബ്ദവും വലിയ പ്രതിഫലനമാണ് ഉണ്ടാക്കുക.
ന്യൂസ്‌മേക്കര്‍ പട്ടം അഴിമതിക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ശക്തമായ രൂപത്തില്‍ മുന്നോട്ട് പോവാന്‍ ജേക്കബ് തോമസിന് ആത്മവിശ്വാസവും കരുത്തും പകരുമെന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍…
Team Express Kerala