പാലാ:പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയില്‍നിന്ന് ഡി.ജി.പി ജേക്കബ് തോമസിനെ വിലക്കിയ നടപടി വിവാദമാകുന്നു. ബാര്‍ കോഴ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന.
പാലാ സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് സെപ്തംബര്‍ 29ന് പ്രഭാഷണവും അവാര്‍ഡ് ദാനവും അടക്കമുള്ള പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതില്‍ പ്രഭാഷണം നടത്തുന്നതിനാണ് ജേക്കബ് തോമസിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ പിന്നീട് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിപാടി റദ്ദാക്കിയതായി ജേക്കബ് തോമസിനെ അറിയിക്കുകയായിരുന്നു.
നാല് മാസം മുമ്പാണ് പരിപാടിയിലേയ്ക്ക് ജേക്കബ് തോമസിനെ ക്ഷണിച്ചതെന്നും അതിനു ശേഷമാണ് ബാര്‍ കോഴ കേസ് അന്വേഷണം ആരംഭിച്ചതെന്നും സംഘാടകര്‍ പറയുന്നു. ബാര്‍ കോഴ കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ചില കോണുകളില്‍നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നെന്നാണ് സംഘാടകര്‍ പറയുന്നത്.
അതേസമയം, പരിപാടി റദ്ദാക്കിയിട്ടില്ലെന്നും മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. 29-ാം തീയതി മറ്റൊരു പരിപാടി നടക്കുന്നതു മൂലം ഓഡിറ്റോറിയം ഒഴിവില്ലാത്തതിനാല്‍ പരിപാടി മറ്റൊരു ദിവസം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് വിശദീകരണം.