അനുമതിയില്ലാതെ പുസ്തകം എഴുതി; ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്‌പെന്‍ഷന്‍ നടപടി.

പുസ്തകത്തിലെ പാറ്റൂര്‍, ബാര്‍ക്കോഴ, ബന്ധുനിയമനക്കേസുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു നടപടി.

സംസ്ഥാനത്ത് അഴിമതിക്കെതിരെ മിണ്ടാന്‍ പേടിയാണ്, ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു തുടങ്ങിയ പരാമര്‍ശങ്ങളുടെ പേരില്‍ ജേക്കബ് തോമസിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഷനു പിന്നാലെ വീണ്ടും സസ്‌പെന്‍ഷന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിടുന്നത് സംസ്ഥാനത്ത് അപൂര്‍വമാണ്.

Top