തിരുവനന്തപുരം: സര്‍ക്കാരും ഡിജിപി ജേക്കബ് തോമസും വീണ്ടും നേര്‍ക്കുനേര്‍. ചീഫ് സെക്രട്ടറിയുടെ കാരണംകാണിക്കല്‍ നോട്ടീസിന്, കൂടുതല്‍ രേഖകള്‍ വേണമെന്ന് ഡിജിപിയുടെ മറുപടി. ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എം.ഡിയായിരുന്നപ്പോള്‍, സ്വകാര്യകോളേജില്‍ ജേക്കബ് തോമസ് ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം.
ജനവരി 27ാം തീയതിയാണ് ഡിജിപിക്ക് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടുകൊണ്ടുള്ള കാരണംകാണിക്കല്‍ നോട്ടീസാണ് ഡിജിപിക്ക് ലഭിച്ചത്. എന്നാല്‍ ആരോപണത്തിന് കാരണമായ കൂടുതല്‍ രേഖകളും തെളിവുകളും വേണമെന്ന് അദ്ദേഹം മറുപടിയില്‍ ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ കൂടുതല്‍ ദിവസവും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ കൂടുതല്‍ രേഖകള്‍ നല്‍കാനാവില്ല എന്ന പ്രതികരണമാണ് ചീഫ് സെക്രട്ടറി നല്‍കിയത്. രേഖകള്‍ പരിശോധിക്കണമെങ്കില്‍ ഓഫീസില്‍ വന്നു പരിശോധിക്കാം. എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല. കാരണംകാണിക്കാന്‍ 15 ദിവസത്തില്‍ കൂടുതല്‍ സാവകാശം നല്‍കാനാവില്ല എന്നും വിസ്സമ്മതിച്ചാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ അറിയിച്ചു.