തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാരുടെ തൊപ്പിയില്‍ മാറ്റം വരുന്നു. ഇപ്പോഴുള്ള പി തൊപ്പികള്‍ക്ക് പകരമായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡി.ജി.പിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് പൊലീസുകാരുടെ തൊപ്പിയില്‍ മാറ്റം വരുത്തുവാനുള്ള തീരുമാനമെടുത്തത്.
ക്രമസമാധാന ചുമതലയുള്ളപ്പോള്‍ പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണെന്ന കാര്യം പൊലീസ് സംഘടനകള്‍ ഡി.ജി.പിയെ അറിയിച്ചിരുന്നു. ചൂടു കൂടിയ കാലാവസ്ഥയും യാത്രകളിലുമെല്ലാം തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്നാണ് പൊലിസുകാര്‍ പറയുന്നത്.
പൊലീസ് ഡ്രൈവര്‍മാരും ഇക്കാര്യം വ്യക്തമാക്കി പരാതി ഉന്നയിച്ചിരുന്നു. കൊണ്ടു നടക്കുന്നതിന് കൂടുതല്‍ എളുപ്പവും ബെറേ തൊപ്പികള്‍ക്കാണെന്നാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാദം. പുതിയ ഉത്തരവ് ഉടന്‍ ഇറങ്ങും.