പൊലീസിൽ കള്ളവോട്ട് പോസ്റ്റൽ ബാലറ്റിലൂടെ ; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

loknath-behra

തിരുവനന്തപുരം : പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് പൊലീസ് അസോസിയേഷന്‍ ശേഖരിച്ച സംഭവത്തില്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ് കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കുക.

സിപിഎം ഭരിക്കുന്ന പൊലീസ് അസോസിയേഷന്റെ നേതാക്കള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആരെങ്കിലും ശേഖരിച്ചിട്ടുണ്ടെങ്കില്‍ അത് നിയമലംഘനമാണെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ക്രോഡീകരിക്കുന്നതിന് ഓരോ ജില്ലയിലും അഡീ. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിക്കും.

ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയുമാണ് പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസ് അസോസിയേഷന്‍ ശേഖരിക്കുന്നതെന്നാണ് ആക്ഷേപം. ഇതിന് തെളിവ് ശേഖരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്റലിജന്‍സ് മേധാവി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഡി.ജി.പി വിശദീകരണം നല്‍കും.

അതേസമയം പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് പരിശോധിക്കണമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. ഇത്തവണ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പൊലീസുകാര്‍ക്ക് നല്‍കാതിരുന്നതിനാല്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പോസ്റ്റല്‍ വോട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഇത് ക്രമക്കേടിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

പൊലീസുകാരുടെ ബാലറ്റ് പേപ്പർ കളക്ട് ചെയ്യാൻ ഫെസിലിറ്റേഷൻ സെന്‍ററുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ടീക്കാറാം മീണക്ക് കഴിഞ്ഞയാഴ്ച കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസിലെ ഉന്നതർക്ക് പങ്കുണ്ടോ എന്നു കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top